ദാവോസ്- പശ്ചിമേഷ്യ പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുകയാണെന്നും എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തങ്ങളില്ലെന്നും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കി. ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്കടലില്‍ നടക്കുന്ന പിരിമുറക്കങ്ങള്‍ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കും. ചെങ്കടല്‍ പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കണം.
ഗാസയിലെ യുദ്ധം മേഖലയെ ഒന്നാകെ വലിയ അപകടത്തിലേക്ക് കൊണ്ടെത്തിക്കുകയാണ്. ഗാസയില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ വേണം. ചെങ്കടലിലെ ആക്രമണങ്ങള്‍ ഗാസ യുദ്ധവുമായി ബന്ധപ്പെട്ടതാണ്. യുദ്ധം നിര്‍ത്താനുള്ള ഒരു നീക്കവും ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് കാണുന്നില്ല. പ്രതിസന്ധി പരിഹരിക്കാനുള്ള വഴികള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക മാത്രമാണ് ഇതിനുള്ള വഴി. ഗാസയില്‍ ആക്രമണം വ്യാപിപ്പിക്കുന്നതനുസരിച്ച് പല മേഖലകളിലും അശാന്തി തലപൊക്കും. ലോകസമൂഹം ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി പ്രയത്‌നിക്കണം. അദ്ദേഹം പറഞ്ഞു.
ഫലസ്തീനികള്‍ക്ക് സ്വന്തമായി രാജ്യം അനുവദിച്ച് അവരുടെ സുരക്ഷ ഉറപ്പാക്കിയാല്‍ മാത്രമേ ഇസ്രായേലിന് സുരക്ഷയുണ്ടാവുകയുള്ളൂ. സമാധാനത്തിനുള്ള ആദ്യ ചുവടുവെപ്പ് ഗാസയിലെ യുദ്ധം നിര്‍ത്തലാണ്. മേഖലയില്‍ ഇസ്രായേല്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സമാധാനത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നു. അദ്ദേഹം പറഞ്ഞു.






