Sorry, you need to enable JavaScript to visit this website.

സാനിയ മിർസയുമായി വേര്‍പിരിയില്ലെന്ന സൂചനകള്‍ക്കിടെ ഞെട്ടലായി ശുഐബിന്റെ വിവാഹ വാര്‍ത്ത

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുളള വേര്‍പിരിയലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടെ പ്രത്യക്ഷപ്പെട്ട പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റെ പുതിയ വിവാഹ ഫോട്ടോ ആരാധകര്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഞെട്ടലായി.
പികസ്ഥാനിലെ ജനപ്രിയ താരം സന ജാവേദിനെ വിവാഹം ചെയ്തതായി വെളിപ്പെടുത്തി സനയോടൊപ്പമുള്ള ഫോട്ടോകള്‍ ശുഐബ് മാലിക് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലാണ് ഷെയര്‍ ചെയ്തത്.
2010ലായിരുന്നു ശുഐബ് മാലിക്കും സാനിയ മിര്‍സയും തമ്മിലുള്ള വിവാഹം. ദുബായില്‍ താമസിക്കുന്ന സാനിയയും ശുഐബും വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ,  വേര്‍പരിയില്ലെന്ന് സാനിയ ഈ മാസം ആദ്യം സോഷ്യല്‍ മീഡിയയില്‍ സൂചന നല്‍കിയിരുന്നു.

വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കണക്കിലെടുക്കാതെ സാനിയയും ശുഐബും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇരുവരും വിവാഹമോചിതരായോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ദമ്പതികള്‍ക്ക് കഴിഞ്ഞ ഒക്ടോബറില്‍ അഞ്ച് വയസ്സ് തികഞ്ഞ ഇസാന്‍ മിര്‍സ മാലിക് എന്ന മകനുമുണ്ട്.
2010ല്‍ സാനിയയുമായുള്ള വിവാഹത്തിന് മുമ്പ് 2002 ല്‍ ശുഐബ് മാലിക്ക് വിവാഹിതനായിരുന്നു. ആയിഷ സിദ്ദിഖിയുമായുള്ള വിവാഹ ബന്ധം എട്ടു വര്‍ഷം തുടര്‍ന്നു.
ഇപ്പോൾ ശുഐബിനെ വിവാഹം ചെയ്തിരിക്കുന്ന നടി സന ജാവേദും നേരത്തെ വിവാഹിതയാണ്. നടന്‍ ഉമൈര്‍ ജയ്‌സ്വാളുമായി 2020ല്‍ കറാച്ചിയിലെ വീട്ടില്‍ സ്വകാര്യ ചടങ്ങിലാണ് വിവാഹിതരായത്. ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന്  നീക്കം ചെയ്തതിന് പിന്നാലെ വിവാഹ മോചന വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തു.  

 

 

Latest News