Sorry, you need to enable JavaScript to visit this website.

എയര്‍ ആംബുലന്‍സില്‍ 39 ഹാജിമാരെ ആശുപത്രിയിലെത്തിച്ചു

മക്ക - ഹജ് തീര്‍ഥാടനത്തിനിടെ 39 പേര്‍ക്ക് എയര്‍ ആംബുലന്‍സ് സേവനം ലഭിച്ചു. മസ്തിഷ്‌കാഘാതം ബാധിച്ചവരെയും ഹൃദയാഘാതം നേരിട്ടവരെയും സൂര്യാഘാതം നേരിട്ടവരെയും വാഹനാപകടങ്ങളില്‍ പരിക്കേറ്റവരെയുമാണ് എയര്‍ ആംബുലന്‍സുകളില്‍ ആശുപത്രികളിലെത്തിച്ചത്. അഞ്ചു എയര്‍ ആംബുലന്‍സുകളാണ് തീര്‍ഥാടകരുടെ സേവനത്തിന് ഒരുക്കിയിരുന്നത്. ഇവയിലെ മുഴുവന്‍ ജീവനക്കാരും സൗദികളാണ്.
സൗദി റെഡ് ക്രസന്റ്, ദേശീയ സുരക്ഷാ ഏജന്‍സി, പ്രതിരോധ മന്ത്രാലയം എന്നിവക്കു കീഴിലെ എയര്‍ ആംബുലന്‍സുകളാണ് ഉപയോഗിച്ചതെന്ന് സൗദി റെഡ് ക്രസന്റില്‍ എയര്‍ ആംബുലന്‍സ് വിഭാഗം സൂപ്പര്‍വൈസര്‍ ജനറല്‍ ഖാലിദ് അല്‍ഈദ് പറഞ്ഞു.
റോഡുകളിലെ വന്‍ തിരക്ക് ഒഴിവാക്കി രോഗികളെ എത്രയും വേഗം ആശുപത്രികളിലെത്തിക്കാനാണ് എയര്‍ ആംബുലന്‍സ് ഉപയോഗിക്കുന്നത്. കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെട്ട് സഹായം തേടിയാല്‍ അഞ്ചു മുതല്‍ പത്തു മിനിറ്റിനകം എയര്‍ ആംബുലന്‍സ് സ്ഥലത്തെത്തും. ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേകം പരിശീലനം നല്‍കിയ വിദഗ്ധ ഡോക്ടര്‍മാരെ എയര്‍ ആംബുലന്‍സുകളില്‍ റെഡ് ക്രസന്റ് നിയോഗിച്ചിരുന്നു. തീവ്രപരിചരണ യൂനിറ്റിനു സമാനമായി പ്രവര്‍ത്തിക്കുന്നതിന് ഏറ്റവും മികച്ച നിലയില്‍ സജ്ജീകരിച്ച ഹെലികോപ്റ്ററുകളാണ് എയര്‍ ആംബുലന്‍സുകളായി ഉപയോഗിക്കുന്നതെന്ന് ഖാലിദ് അല്‍ഈദ് പറഞ്ഞു.


 

 

Latest News