Sorry, you need to enable JavaScript to visit this website.

2019ല്‍ മോഡി വീണ്ടും വരുമോ? സാധ്യത കുത്തനെ ഇടിയുന്നു

ന്യൂദല്‍ഹി- വീണ്ടും അധികാരത്തില്‍ വരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജയ സാധ്യത കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുത്തനെ ഇടിഞ്ഞതായി സാമ്പത്തിക വിശകലന വിദഗ്ധന്‍ രുചിര്‍ ശര്‍മ. 2017ല്‍ 99 ശതമാനമായിരുന്നു മോഡിക്ക് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് 50 ശതമാനമായി ഇടിഞ്ഞിരിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. പ്രതിപക്ഷത്തിനിടയിലെ ഭിന്നിപ്പ് നീങ്ങുകയും ഒന്നിക്കുന്നതുമാണ് ഇതിനു കാരണം. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമില്ലായ്മ കാരണമാണ് 2014ല്‍ ബിജെപിക്ക് വെറും 31 ശതമാനം വോട്ട് കൊണ്ട് ഭരണം ഉറപ്പിക്കാനായത്. മറ്റു പാര്‍ട്ടികളുടെ ഭിന്നിപ്പ് മൂലം വോട്ടുകള്‍ കേന്ദ്രീകരിച്ചതാണ് ബിജെപിക്ക് തുണയായത്. ഡെമോക്രസി ഓണ്‍ റോഡ് എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശര്‍മയുടെ പുതിയ പ്രവചനം. 

മോഡി വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത പകുതിയായി കുറഞ്ഞിരിക്കുന്നു. കാര്യങ്ങള്‍ നാടകീയമായി മാറിമറിഞ്ഞിരിക്കുന്നു. തീര്‍ത്തു വിഘടിച്ചു പോയിരുന്ന പ്രതിപക്ഷം ഇപ്പോള്‍ ഒന്നിക്കുന്ന ലക്ഷണങ്ങളാണ് കാണുന്നത്- ശര്‍മ പറയുന്നു. തെരഞ്ഞെടുപ്പുകളിലൂടെ ഇന്ത്യയിലെ ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതാണ് രുചിര്‍ ശര്‍മയുടെ പുസ്തകം ചര്‍ച്ച ചെയ്യുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ഫെബ്രുവരിയില്‍ പുസ്തകം പുറത്തിറങ്ങും. 

യുപിഎ സര്‍ക്കാരിനു വഴിയൊരുക്കിയ 2004ലേതിനു സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നതെന്നും അദ്ദേഹം വാദിക്കുന്നു. 2004ല്‍ ജനസ്വീകാര്യതയുടെ കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടേയും പ്രതിപക്ഷത്തിനുമിടയിലുണ്ടായിരുന്ന സാഹചര്യത്തിനു സമാനമാണ് ഇപ്പോള്‍ മോഡിക്കും നിലവിലെ പ്രതിപക്ഷത്തിനുമിടയിലുള്ളത്. ഇപ്പോള്‍ മോദിയല്ലെങ്കില്‍ പിന്നെ ആര് എന്നു ചോദിക്കുന്ന പോലെ വാജ്‌പേയിക്കെതിരെ പ്രതിപക്ഷം ഒന്നിച്ചപ്പോഴും ആരാകും പ്രധാനമന്ത്രി എന്ന ചോദ്യമാണ് ഉയര്‍ന്നിരുന്നത്. അന്ന് അപ്രതീക്ഷിതമായി പുതിയൊരു പ്രധാനമന്ത്രി വന്നു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായി- ശര്‍മ ചൂണ്ടിക്കാട്ടുന്നു.

യുപി ഇന്ത്യയുടെ ഒരു പരിച്ഛേദമാണ്. അവിടെ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ഒന്നിച്ചാല്‍ തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്നും ഇല്ലെങ്കില്‍ ബിജെപി അനായാസം ജയിച്ചു കയറുമെന്നും ശര്‍മ പറയുന്നു. ഉത്തര്‍ പ്രദേശിലെ വോട്ട് ഇപ്പോഴും ജാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇതിലൊരു മാറ്റവും ഉണ്ടായിട്ടില്ല. മേല്‍ജാതിക്കാരാണെങ്കിലും ബിജെപിക്കും ദളിത് ആണെങ്കില്‍ ബിഎസ്പിക്കും ആണെന്നതാണ് ലൈന്‍. വികസനം ഒരു വിഷയമാകുമോ എന്ന ചോദ്യത്തിന് മറുപടി ചിരിയായിരുന്നെന്നും ശര്‍മ പറയുന്നു. 
നിരവധി തെരഞ്ഞെടുപ്പുകള്‍ കവര്‍ ചെയ്തിട്ടുള്ള രുചിര്‍ ശര്‍മ ഇന്ത്യയിലുടനീളം 26 തെരഞ്ഞെടുപ്പു കാല യാത്രകള്‍ നടത്തിയിട്ടുണ്ട്.
 

Latest News