Sorry, you need to enable JavaScript to visit this website.

ബാറില്‍ നിന്നിറങ്ങുന്നവരെ പിടിക്കരുത്, വിവാദമായപ്പോള്‍  മലപ്പുറം പോലീസ് മേധാവി ഉത്തരവ് റദ്ദാക്കി

മലപ്പുറം- മദ്യപിക്കുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന ബാര്‍ ഉടമകളുടെ പരാതിയില്‍ പ്രത്യേക സര്‍ക്കുലര്‍ ഇറക്കി മലപ്പുറം ജില്ലാ പോലീസ് മേധാവി പുലിവാല് പിടിച്ചു. ബാറില്‍ നിന്നും മദ്യപിച്ച് പുറത്തിറങ്ങുന്നവരെ പോലീസ് ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു ബാര്‍ ഉടമകളുടെ പരാതി. ഈ പരാതിയില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരന്‍, ഡി വൈ എസ് പിമാര്‍ക്കും എസ് എച്ച് ഒമാര്‍ക്കും നല്‍കിയ സര്‍ക്കുലറാണ് വിവാദമായത്.
'അംഗീകൃത ബാറുകളുടെ ഉളളില്‍ നിന്നോ അവയുടെ അധികാര പരിധിയില്‍ നിന്നോ മദ്യപിച്ച് ഇറങ്ങുന്നവരെ പിടികൂടാന്‍ പാടില്ല' എന്നായിരുന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി, ഡി വൈ എസ് പിമാര്‍ക്കും എസ് എച്ച് ഒമാര്‍ക്കും നല്‍കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. സര്‍ക്കുലര്‍ പുറത്തുവന്നതോടെ വലിയ പുലിവാലായി മാറുകയായിരുന്നു. അബദ്ധം മനസിലായതോടെ ഈ സര്‍ക്കുലര്‍ റദ്ദാക്കി. വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് സര്‍ക്കുലര്‍ റദ്ദാക്കിയതെന്നും മലപ്പുറം എസ് പി ശശിധരന്‍ അറിയിച്ചു. പുതുക്കിയ നിര്‍ദേശം പിന്നീട് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. പറ്റിയത് 'ക്ലറിക്കല്‍ മിസ്റ്റേക്ക്' ആണെന്നും അതിനാലാണ് പിന്‍വലിക്കുന്നതെന്നും എസ് പി വിശദീകരിച്ചിട്ടുണ്ട്.

Latest News