നാലു ലക്ഷം വിദേശികളെ സൗദി നാടുകടത്തി

റിയാദ് - ഒമ്പതു മാസത്തിനിടെ പിടിയിലായ നിയമ ലംഘകരുടെ എണ്ണം പതിനാറു ലക്ഷം കവിഞ്ഞതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 4,12,381 നിയമ ലംഘകരെ ഇതിനകം നാടുകടത്തി. 2,72,244 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു.
ശിക്ഷയില്ലാതെ  നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് നവംബര്‍ 14 ന് അവസാനിച്ച ശേഷമാണ് രാജ്യത്തിന്റെ എല്ലാ ഭാഗത്തും പരിശോധന തുടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച  റെയ്ഡുകളില്‍ 16,25,018 പേരാണ് പിടിയിലായത്. ഇവരില്‍ 12,38,046 പേര്‍ ഇഖാമ നിയമ ലംഘകരും 1,23,767 പേര്‍ നുഴഞ്ഞുകയറ്റക്കാരും 2,63,205 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.

അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 27,208 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇക്കൂട്ടത്തില്‍ 54 ശതമാനം പേര്‍ യെമനികളും 43 ശതമാനം പേര്‍ എത്യോപ്യക്കാരും മൂന്നു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്.
അതിര്‍ത്തികള്‍ വഴി വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 1,228 പേരും പിടിയിലായി. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും നല്‍കിയതിന് 2,457 വിദേശികളെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. ഇതേ കുറ്റത്തിന് 620 സൗദികളും പിടിയിലായി. ഇക്കൂട്ടത്തില്‍ 511 പേര്‍ക്കെതിരെ തത്സമയം ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. 109 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

 12,465 നിയമ ലംഘകരുടെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഇവരില്‍ 10,745 പേര്‍ പുരുഷന്‍മാരും 1,720 പേര്‍ വനിതകളുമാണ്. യാത്രാ രേഖകളും തിരിച്ചറിയല്‍ രേഖകളുമില്ലാത്ത 2,27,194 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിന് എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തു. 2,79,576 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Latest News