മരണം 24,764, ആശുപത്രികള്‍ വീണ്ടും തകര്‍ക്കുന്നു; നെതന്യാഹുവിനെതിരെ അമേരിക്കയിലെ ജൂത നേതാക്കള്‍

ഗാസ- ഇടതടവില്ലാത്ത ബോംബിംഗിലൂടെ ഗാസയിലെ ഖാന്‍ യൂനിസിനെ തച്ചുതരിപ്പണമാക്കി ഇസ്രായില്‍ സേന. പട്ടണത്തിലെ ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്കു സമീപവും രൂക്ഷമായ ആക്രണമാണ് ഇന്നലെയുണ്ടായത്.  ഇന്ന് 77 പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഒക്ടോബര്‍ ഏഴിനുശേഷം ഗാസയിലെ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24764 ആയി. പരിക്കേറ്റവര്‍ 62108 ആണ്.
ഖാന്‍ യൂനിസിലെ അല്‍നസര്‍ ആശുപത്രിയില്‍ സ്ഥിതി ഭയാനകമാണെന്ന് അവിടെ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ പറയുന്നു. ആശുപത്രിക്ക് തൊട്ടടുത്ത് വരെ ബോംബുകള്‍ പതിച്ചതോടെ അവിടെ അഭയം പ്രാപിച്ചിരുന്നവര്‍ ജീവനും കൊണ്ട് ഓടി രക്ഷപെട്ട. സമാനമാണ് അല്‍ അമല്‍ ആശുപത്രിയിലെയും അവസ്ഥ. ആശുപത്രിക്ക് സമീപം ഇടതടവില്ലാതെ ഇസ്രായില്‍ സൈന്യം ബോംബ് വര്‍ഷിക്കുകയായിരുന്നുവെന്ന് ഗാസ റെഡ് ക്രസന്റ് അറിയിച്ചു. യുദ്ധമാരംഭിച്ചശേഷം 20000 കുഞ്ഞുങ്ങളാണ് ഗാസയിലെ അത്യന്തം ദുരന്ത സാഹചര്യങ്ങളിലേക്ക് പിറന്നുവീണതെന്ന് യുനിസെഫ് അറിയിച്ചു.
ഗാസയില്‍ ഇസ്രായില്‍ സൈനികര്‍ക്കുനേരെ വിവിധ കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെട്ടു. സെയ്തൂനില്‍ ഇസ്രായിലിനുനേരെ റോക്കറ്റ് ആക്രമണം നടത്തി. വടക്കന്‍ ഇസ്രായിലില്‍ ഹിസ്്ബുല്ലയുമായും ഇസ്രായിലിന്റെ പോരാട്ടം കടുക്കുകയാണ്. ഇസ്രായില്‍ ആക്രമണത്തില്‍ തെക്കന്‍ ലെബനോനിലെ മൂന്ന് വീടുകള്‍ തകര്‍ന്നു.


സൗദിയില്‍നിന്ന് ശേഖരിച്ച 38 ലക്ഷവുമായി മഞ്ചേശ്വരം സ്വദേശി മുങ്ങി

മീഡിയ വണിലെ ചര്‍ച്ചക്കെതിരെ അഖില്‍ മാരാര്‍; ആക്ഷേപ പരാമര്‍ശങ്ങള്‍


അതിനിടെ, സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്ന അമേരിക്കയുടെ ആവശ്യം തള്ളിയ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ജൂതരായ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും രംഗത്തുവന്നു. ഇസ്രായില്‍ പ്രധാനമന്ത്രിയുടെ നിലപാടിനോട് ഞങ്ങള്‍ ശക്തിയായി വിയോജിക്കുന്നുവെന്ന് യു.എസ് പ്രതിനിധി സഭാംഗങ്ങളായ ഒരു ഡസനോളം ഡെമോക്രാറ്റ് ജൂത നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് മുന്നോട്ട് നീങ്ങാനുള്ള പോംവഴിയെന്നും അവര്‍ വ്യക്തമാക്കി.
യുദ്ധാനന്തരം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കി ദ്വിരാഷ്ട്ര ഫോര്‍മുലയിലൂടെ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാവൂ എന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള യു.എസ് നേതാക്കള്‍ പറഞ്ഞത്. ഇതാണ് നെതന്യാഹു തീര്‍ത്തും തള്ളിക്കളഞ്ഞത്. ഇസ്രായിലിന്റെ നിലപാട് ഇതാണെങ്കിലും അവര്‍ക്കുള്ള പിന്തുണ ഉറച്ചതു തന്നെയായിരിക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. ബൈഡന്‍ ഇന്നലെ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു. ഒരുമാസത്തിനിടെ ഇതാദ്യമായാണ് ബൈഡന്‍ നെതന്യാഹുവുമായി സംസാരിക്കുന്നത്. ബൈഡനുമുമ്പ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണും നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു.
അതിനിടെ ഹമാസ് പ്രതിനിധി സംഘം റഷ്യയിലെത്തി റഷ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തി. യുദ്ധമാരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് ഹമാസ് നേതാക്കള്‍ മോസ്‌കോയിലെത്തുന്നത്. ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളില്‍ റഷ്യന്‍ പാസ്‌പോര്‍ട്ടുള്ള മൂന്ന് പേരുടെ മോചനമാണ് അവര്‍ ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

 

Latest News