രാമക്ഷേത്ര പ്രതിഷ്ഠ; വിവിധ സംസ്ഥാനങ്ങളിലും സാമ്പത്തിക സ്ഥാപനങ്ങളിലും 22ന് അവധി

ന്യൂദല്‍ഹി- രാമക്ഷേത്ര പ്രതിഷ്ഠ അയോധ്യയില്‍ നടക്കുമ്പോള്‍ ജനുവരി 22ന് കേന്ദ്ര സര്‍ക്കാറിന് പുറമേ വിവിധ സംസ്ഥാന സര്‍ക്കാരുകളും അവധി പ്രഖ്യാപിച്ചു. 

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ച വരെയാണ് അവധി നല്‍കിയിരിക്കുന്നത്. വിശ്വാസികളുടെ വികാരം മാനിച്ച് പ്രതിഷ്ഠാ ദിനത്തില്‍ അവധി നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നു. 

അയോധ്യ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശ് സംസ്ഥാനമാണ് ആദ്യം അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും മദ്യശാലകള്‍ക്കും ഉള്‍പ്പെടെയാണ് ഉത്തര്‍പ്രദേശിലെ അവധി ബാധകമാകുക. 

ഹരിയാനയും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം അന്നേ ദിവസം മദ്യശാലകള്‍ക്കും അവധിയാണ്. ഗോവയിലും അവധിയാണ്. ഛത്തീസ്ഗഡില്‍ സംസ്ഥാന സര്‍ക്കാര്‍ ഉച്ചവരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വിദ്യാലയങ്ങള്‍ക്ക് പൂര്‍ണ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

മഹാരാഷ്ട്ര, ഒഡീഷ, ത്രിപുര, മധ്യപ്രദേശ്, അസം, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ച വരെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായും അവധി നല്‍കിയിട്ടുണ്ട്.  

മറ്റു സംസ്ഥാനങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലും അവധി കൊടുക്കണമെന്ന് ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ തിങ്കളാഴ്ചത്തെ മണി മാര്‍ക്കറ്റ് സമയം റിസര്‍വ് ബാങ്ക് പരിഷ്‌ക്കരിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കുലര്‍ പ്രകാരം മണി മാര്‍ക്കറ്റുകള്‍ ജനുവരി 22ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക മാത്രമേ തുറക്കുകയുള്ളു. റിസര്‍വ് ബാങ്ക് നിയന്ത്രിത വിപണികളുടെ വ്യാപാര സമയത്തിലും നാലു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ പ്രവര്‍ത്തന സമയം കുറച്ചിട്ടുണ്ട്. 

സെന്‍ട്രല്‍ ബാങ്ക് നിയന്ത്രിത വിപണികളുടെ വ്യാപാര സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര മുതല്‍ അഞ്ചു വരെയായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കുലറില്‍ അറിയിച്ചു. സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ മാര്‍ക്കറ്റ് റിപ്പോ, ഗവണ്‍മെന്റ് സെക്യൂരിറ്റികളിലെ ട്രൈ-പാര്‍ട്ടി റിപ്പോ, വാണിജ്യ പേപ്പര്‍, ഡിപ്പോസിറ്റുകളുടെ സര്‍ട്ടിഫിക്കറ്റ്, ഫോറെക്‌സ് ഡെറിവേറ്റീവുകള്‍ മുതലായവ ഉള്‍പ്പെടെ റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്ന എല്ലാ മാര്‍ക്കറ്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കും വൈകിട്ട് അഞ്ചിനും ഇടയില്‍ നടക്കും. 

ജനുവരി 23 മുതല്‍ വിപണികള്‍ സാധാരണ സമയത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. 

ഇന്ത്യയിലുടനീളമുള്ള എല്ലാ പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ എന്നിവ ജനുവരി 22ന് പകുതി ദിവസം പ്രവര്‍ത്തിക്കില്ല. 

Latest News