Sorry, you need to enable JavaScript to visit this website.

എസ്.ബി.ഐ അക്കൗണ്ടുള്ളവര്‍ ശ്രദ്ധിക്കുക; മിനിമം ബാലന്‍സ് കണക്കാക്കുന്നത് ഇങ്ങനെ

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  മിനിമം ബാലന്‍സില്ലാത്തതിന്റെ പേരില്‍ കോടിക്കണക്കിനു രൂപ കൈക്കലാക്കുന്നത് പ്രവാസികളില്‍നിന്നാണ്.
 
ബാങ്കിലുള്ള പ്രതിമാസ ശരാശരി തുക പരിഗണിക്കാതെ ചെക്കുകള്‍ ഉപയോഗിച്ചും എ.ടി.എം ഉപയോഗിച്ചും പണം പിന്‍വലിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. അത്യാവശ്യം വരുമ്പോള്‍ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകുന്ന പ്രവാസികളില്‍ പലരും കൃത്യസമയത്ത് പണം അയച്ച് മിനിമം ബാലന്‍സ് ഉറപ്പുവരുത്തുന്നില്ല. നാട്ടിലെ കുടുംബാംഗങ്ങള്‍ ഉപയോഗിക്കുന്ന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതും പലപ്പോഴും ഗള്‍ഫ് നാടുകളിലുള്ള പ്രവാസികളാണ്.
 
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ പ്രതിമാസ ശരാശരി മിനിമം ബാലന്‍സ് (എ.എം.ബി) ഉണ്ടായിരിക്കണമെന്നത് എസ്.ബി.ഐ വ്യവസ്ഥയാണ്. എം.എം.ബി പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉപഭോക്താവ് നിശ്ചിത തുക പിഴയായി നല്‍കണം. ബ്രാഞ്ച് ലൊക്കേഷന്‍ അനുസരിച്ചാണ് പിഴ തുക നിശ്ചയിക്കുന്നത്. എന്നാല്‍ എ.എം.ബി ബാധകമല്ലാത്ത സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ടുകളും എസ്.ബി.ഐയില്‍ ലഭ്യമാണ്.
 
മെട്രോ സിറ്റികളിലും വലിയ നഗരങ്ങളിലും മാസം ശരാശരി 3000 രൂപയാണ് ബാലന്‍സായി വേണ്ടത്. ഇതിന്റെ പകുതി വരെ തുക മിനിമം ബാലന്‍സുള്ളവരില്‍നിന്ന് മാസം 10 രൂപയും ജി.എസ്.ടി (ചരക്കുസേവന നികുതി)യുമാണ് ഈടാക്കുക. പ്രതിമാസ ശരാശരി ബാലന്‍സ് 50-75 ശതമാനത്തില്‍ താഴെയാണെങ്കില്‍ 12 രൂപയും 75 ശതമാനത്തില്‍ താഴെയാണെങ്കില്‍ 15 രൂപയുമാണ് ജി.എസ്.ടി സഹിതം ഈടാക്കുക.
 
അര്‍ധ നഗരങ്ങളിലെ (സെമി അര്‍ബന്‍ കേന്ദ്രങ്ങള്‍) ബ്രാഞ്ചുകളിലാണെങ്കില്‍ പ്രതിമാസം 2000 രൂപയാണ് ബാലന്‍സ് വേണ്ടത്. 50 ശതമാനം വരെ കുറവാണെങ്കില്‍ 7.50 രൂപയും 50-75 ശതമാനമാണെങ്കില്‍ 10 രൂപയും 75 ശതമാനത്തില്‍ താഴെയാണെങ്കില്‍ 12 രൂപയുമാണ് ജി.എസ്.ടി സഹിതം ഈടാക്കുക.
 
ഗ്രാമങ്ങളില്‍ (റൂറല്‍) ആയിരം രൂപയാണ് മിനിമം ബാലന്‍സ് വേണ്ടത്. 500 രൂപയോ അതില്‍ താഴെയോ ആണ് ബാലന്‍സെങ്കില്‍ മാസം 20 രൂപയാണ് ജി.എസ്.ടി സഹിതം ഈടാക്കുക. ആവശ്യമായ കുറഞ്ഞ  തുകയുടെ 50-75 ശതമാനമാണ് ബാലന്‍സുള്ളതെങ്കില്‍ 7.50 രൂപയും 75 ശതമാനത്തില്‍ താഴെയാണെങ്കില്‍ 10 രൂപയുമാണ് ഈടാക്കുക.

Latest News