സിഖ് വംശഹത്യയില്‍ കോണ്‍ഗ്രസിനു പങ്കില്ല; തെറ്റുകാര്‍ ശിക്ഷിക്കപ്പെടണമെന്ന് രാഹുല്‍

ലണ്ടന്‍- 1984ലെ സിഖ് വംശഹത്യയില്‍ ഏറെ പഴികേട്ട കോണ്‍ഗ്രസിന് ഈ കലാപത്തില്‍ പങ്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ലണ്ടനില്‍ പറഞ്ഞത് വിവാദമാകുന്നു. ഈ കലാപങ്ങളില്‍ പങ്കുള്ളവര്‍ക്ക് ശിക്ഷ നല്‍കുന്നതിനോട് പൂര്‍ണ യോജിപ്പാണെന്നും രാഹുല്‍ പറഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന പരിപാടിയുടെ ചോദ്യോത്തര വേളയില്‍ ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്. യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി രണ്ടു ദിവസമായി രാഹുല്‍ ലണ്ടനിലാണ്. മുന്‍പ്രധാനമന്ത്രി ഇന്ദിര ഗാന്ധി തന്റെ സിഖ് അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചതിനു പിന്നാലെ 1984 നവംബര്‍ ഒന്നിനു പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപത്തില്‍ ദല്‍ഹിയില്‍ മാത്രം 2,433 പേരാണ് കൊല്ലപ്പെട്ടത്.

ഇതു സംബന്ധിച്ച് തനിക്ക് ഒരു ആശയക്കുഴപ്പവും ഇല്ലെന്നും ഇതൊരു വേദനിപ്പിക്കുന്ന സംഭവമാണെന്നും രാഹുല്‍ പറഞ്ഞു. 'കോണ്‍ഗ്രസിന് ഈ കലാപത്തില്‍ പങ്കുണ്ടെന്ന് ആര്‍ക്കു വേണമെങ്കിലും പറയാം. പക്ഷെ ഞാനത് അംഗീകരിക്കില്ല. തീര്‍ച്ചയായും സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ദുരന്തമായിരുന്നു'-രാഹുല്‍ പറഞ്ഞു. ഇതു സംബന്ധിച്ച് നിയമനടപടികള്‍ നടന്നു വരികയാണ്. അക്കാലത്ത് തെറ്റായി എന്തു തന്നെ നടന്നിട്ടുണ്ടെങ്കിലും അതിന് ശിക്ഷ നല്‍കുന്നതിന് പൂര്‍ണ യോജിപ്പാണെന്നും രാഹുല്‍ വ്യക്തമാക്കി. ഞാനൊരു ദുരന്തത്തിന്റെ ഇരയാണ്. ഇത് എന്തു അനുഭവമാണ് ഉണ്ടാക്കുക എന്നെനിക്ക് മനസ്സിലാകുമെന്നും രാഹുല്‍ മറ്റൊരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
 

Latest News