വാജ്‌പേയിയുടെ മരണം രാഷ്ട്രീയവത്കരിച്ചുവെന്ന്, മറുപടിയുമായി ബി.ജെ.പി

ഷില്ലോംഗ്- മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ മരണത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബി.ജെ.പി ഉപയോഗിക്കുന്നുവെന്ന് അദ്ദേഹത്തിന്‍റെ  അനന്തരവള്‍ കരുണ ശുക്ല. അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി വാജ്‌പേയിയുടെ ചിതാഭസ്മം ബി.ജെ.പി പലസംസ്ഥാനങ്ങളിലെ നദികളിലും നിമജ്ജനം ചെയ്യുന്നുവെന്ന് കരുണ ശുക്ല ആരോപിച്ചു. എന്നാല്‍ കരുണ ശുക്ലയാണ് വാജ്പേയിയുടെ മരണത്തെ രാഷ്ട്രീയവത്കരിക്കുന്നതെന്ന് ബി.ജെ.പി തിരിച്ചടിച്ചു. കോൺഗ്രസിനൊപ്പം ചേർന്ന് കരുണ ശുക്ല വാജ്‌പേയിയുടെ മരണത്തെ രാഷ്ട്രീയവത്കരിച്ചുവെന്ന ആരോപണം ബി.ജെ.പി ഉയർത്തി. കരുണ ശുക്ല കോൺഗ്രസ് പ്രവർത്തകയാണെന്നും ഇവർ നേരത്തെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിട്ടുണ്ടെന്നും ബി.ജെ.പി വക്താവ് നളിൽ കോഹ്ലി പറഞ്ഞു. കരുണ ശുക്ലയുടെ പ്രസ്താവന നിർഭാഗ്യകരമാണെന്നും മുഴുവനാളുകൾക്കും അന്ത്യാഞ്ജലിക്കുള്ള സൗകര്യമാണ് പാർട്ടി ഉദ്ദേശിച്ചതെന്നും നളിൻ കോഹ്ലി കൂട്ടിച്ചേർത്തു. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി കസേരിയിലിരുന്ന കോൺഗ്രസിതര നേതാവായിരുന്നു വാജ്‌പേയിയെന്നും പാർട്ടിക്കതീതമായ സ്‌നേഹവികാരം എല്ലാവർക്കും അദ്ദേഹത്തോടുണ്ടെന്നും കോഹ്ലി പറഞ്ഞു.
 

Latest News