കടം വീട്ടാനായി ഭാര്യയുടെ കാര്‍ മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

അഹമ്മദാബാദ് - കടം വീട്ടാനായി ഭാര്യയുടെ കാര്‍ മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഉദ്‌ന പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന തന്റെ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ മോഷ്ടിച്ചതായി കാണിച്ച് കാഞ്ചന്‍ രജപുത് എന്ന സ്ത്രീയാണ് പോലീസില്‍ പരാതിയുമായി എത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ ഇവരുടെ ഭര്‍ത്താവായ ഗോവര്‍ദ്ധനനന്‍ തന്നെയാണ് കാര്‍ മോഷ്ടിച്ചതെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ ഗോവര്‍ദ്ധനനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ലോണ്‍ തിരിച്ചടയ്ക്കാനാണ് പ്രതിയായ ഭര്‍ത്താവ് കാര്‍ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പരാതിക്ക്  പിന്നാലെ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു. ആദ്യം, പ്രദേശത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. തുടര്‍ന്ന് കാഞ്ചന്റെ ഭര്‍ത്താവ് ഗോവര്‍ദ്ധന്റെ പങ്കിനെക്കുറിച്ച് പോലീസിന് സംശയം തോന്നി. ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഗതി വെളിച്ചത്തായത്. വന്‍തുക കടം തിരിച്ചടക്കാനുള്ളതിനാല്‍ സുഹൃത്തായ ഇക്ബാല്‍ പത്താനുമായി ചേര്‍ന്ന് മോഷണം നടത്തുകയായിരുന്നുവെന്ന് ഗോവര്‍ദ്ധനന്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയായിരുന്നു. 

 

Latest News