Sorry, you need to enable JavaScript to visit this website.

'അധികാരം ഭരണഘടനയില്‍ നിന്നാണ്, കേന്ദ്രത്തില്‍ നിന്നല്ല': കേന്ദ്ര മന്ത്രിക്ക് ചുട്ടമറുപടിയുമായി കര്‍ണാടക ഉപമുഖ്യമന്ത്രി

ബംഗളൂരു- കര്‍ണാടകയില്‍ കുഡഗ് ജില്ലയിലുണ്ടായ പ്രളയ ദുരിതം അവലോകനം ചെയ്യാനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ കര്‍ണാടക മന്ത്രി സാ രാ മഹേഷിനു നേരെ തട്ടിക്കയറിയ സംഭവത്തില്‍ കേന്ദ്ര മന്ത്രിക്ക് ചുട്ടമറുപടിയുമായി ഉപമുഖ്യമന്ത്രി ജി. പരമേശ്വര രംഗത്തെത്തി. 'എന്റെ സഹപ്രവര്‍ത്തകനോട് മോശമായി പെരുമാറിയത് വളരെ നിരാശയുണ്ടാക്കി' എന്നറിയിച്ച പരമേശ്വര കേന്ദ്ര മന്ത്രിക്ക് അധികാരം സംബന്ധിച്ച്് ധാരണ വേണമെന്നും സൂചിപ്പിച്ചു. 'സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം നിശ്ചയിക്കുന്നത് ഭരണഘടനയാണ്. കേന്ദ്ര സര്‍ക്കാരല്ല. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമിടയില്‍ തുല്യ പങ്കാളിത്തത്തോടെയാണ് ഭരണഘടന അധികാരം നിശ്ചയിച്ചിട്ടുള്ളത്. സംസ്ഥാനങ്ങല്‍ കേന്ദ്രത്തിന്റെ താഴെയല്ല. നാം അധികാരത്തില്‍ പങ്കാളികളാണ്,' ഉപമുഖ്യമന്ത്രി ട്വീറ്റിലൂടെ ചുട്ടമറുപടി നല്‍കി.

ഞങ്ങളുടെ മന്ത്രിമാര്‍ ആഴ്ചയിലേറെയായി കൊഡഗില്‍ ക്യാമ്പ് ചെയ്ത് ജില്ലാ ഭരണകൂടത്തിനൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കി വരികയാണ്. അവര്‍ക്കു തുല്യബഹുമാനം നല്‍കാന്‍ കേന്ദ്ര മന്ത്രിക്കും ഉത്തരവാദിത്തമുണ്ട്- ജി പരമേശ്വര വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം കുഡഗ് ജില്ലാ കമ്മീഷറുടെ ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ നിര്‍ത്താന്‍ സമയമായെന്ന് സൂചിപ്പിച്ചതിനാണ് മന്ത്രി മഹേഷിനും ഉദ്യോഗസ്ഥര്‍ക്കും നേരെ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ തട്ടിക്കയറിയത്. മന്ത്രിയുടെ രോഷ പ്രകടനം പൂര്‍ണായും മാധ്യമങ്ങളിലൂടെ പുറത്തു വന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒരു സംസ്ഥാന മന്ത്രി കേന്ദ്ര മന്ത്രിയെ നിയന്ത്രിക്കുന്നുവെന്നും ഇതു അവിശ്വസനീയം എന്നും പരാതിപ്പെട്ട നിര്‍മല സീതാരാമന്‍ പരാമാധികാര സ്വരത്തില്‍ സംസാരിക്കുന്നതും മന്ത്രിയോട് ദേഷ്യപ്പെടുന്നതുമാണ് പ്രതിഷേധത്തിനിടയാക്കിയത്. 

Latest News