Sorry, you need to enable JavaScript to visit this website.

താല്‍ക്കാലിക രാമക്ഷേത്ര ദര്‍ശനം ഇന്ന് അവസാനിക്കും,   അയോധ്യയിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

ന്യൂദല്‍ഹി-അയോധ്യയിലെ താത്കാലിക രാമക്ഷേത്രത്തിലെ പൊതുജനങ്ങള്‍ക്കുള്ള ദര്‍ശനം ഇന്ന് അവസാനിക്കും. പ്രാണ പ്രതിഷ്ഠക്കുശേഷം പുതിയ ക്ഷേത്രത്തില്‍ 23 മുതലാണ് ഇനി ദര്‍ശനാനുമതി. പ്രാണപ്രതിഷ്ഠയ്ക്കു ശേഷം താത്കാലിക ക്ഷേത്രത്തിലെ രാംലല്ല വിഗ്രഹവും ഗര്‍ഭഗൃഹത്തില്‍ സ്ഥാപിക്കും. ഉത്സവ വിഗ്രഹമായി ആകും താല്‍ക്കാലിക രാമക്ഷേത്രത്തിലെ രാംലല്ല കണക്കാക്കുക.
അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് കേരളത്തില്‍ നിന്ന് ഓണവില്ല് സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ഓണവില്ല് സമര്‍പ്പിക്കുന്നത്. ഇന്ന് വൈകുന്നേരം ഇതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്.
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഇന്ന് രാവിലെ മുതല്‍ ഓണവില്ല് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പ്രാണപ്രതിഷ്ഠ ദിനത്തിലാണ് ഓണവില്ല് സമര്‍പ്പിക്കുക.
രാമ ക്ഷേത്ര ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുനിന്ന് അയോധ്യയിലേക്ക് പ്രവേശനം നിരോധിക്കും. ബസുകളും ചെറുവാഹനങ്ങളും അടക്കം നഗരത്തിനു പുറത്ത് സര്‍വീസുകള്‍ അവസാനിപ്പിക്കണം എന്നാണ് നിര്‍ദ്ദേശം. അയോധ്യയിലേക്കുള്ള ട്രെയിനുകള്‍ 23-ാം തീയതി വരെ നിര്‍ത്തി. ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് പ്രത്യേക ക്ഷണമനുസരിച്ചു വരുന്ന ഏഴായിരത്തോളം പേര്‍ക്കും മാധ്യമങ്ങള്‍ക്കും വോളന്റിയര്‍മാര്‍ക്കും മാത്രമാകും ഇനി അയോധ്യയിലേക്ക് പ്രവേശനം.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധി ഈ മാസം 22നാണ് അവധി പ്രഖ്യാപിച്ചത്. അവധി 22 ന് ഉച്ചവരെയായിരിക്കും. ഉച്ചക്ക് 2.30 വരെയാണ് അവധി. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും ഉച്ചവരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്. ജീവനക്കാര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് അവധി.
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. അയോധ്യയിലെ ചടങ്ങുകളിലും മറ്റ് ഇടങ്ങളില്‍ നടക്കുന്ന അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുന്നതിലേക്ക് അവധി നല്‍കണമെന്നാണ് ആവശ്യം. രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഈ ചടങ്ങ് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ബിസിഐ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര കത്തില്‍ പറയുന്നു.

Latest News