ന്യൂദല്‍ഹി-മണിപ്പൂരില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് മെയ്തികള്‍ വെടിയേറ്റ് മരിച്ചു. ബിഷ്ണുപൂര്‍, കാങ്പോക്പി ജില്ലകളിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ മണിപ്പൂരില്‍ കേന്ദ്രം സുരക്ഷ ശക്തമാക്കി. മൊറെ ഉള്‍പ്പടെ സംഘര്‍ഷ മേഖലകളില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു.
ഇതിനിടെ മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. തൗബാല്‍ ജില്ലയില്‍ ആള്‍ക്കൂട്ടം പോലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മൊറെയയില്‍ രണ്ട് പോലീസ് കമാന്‍ഡോകളെ ആള്‍ക്കൂട്ടം വെടിവെച്ച് കൊന്നിരുന്നു. തൗബാല്‍ ജില്ലയില്‍ നിന്നും 100 കിലോ മീറ്റര്‍ മാത്രം അകലെയാണ് കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ മോറെയ്.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ തൗബാലിലെ കോംപ്ലെക്സ് ലക്ഷ്യമിട്ടാണ് ആള്‍ക്കൂട്ടം ആദ്യമെത്തിയത്. എന്നാല്‍, പെട്ടെന്ന് തന്നെ ഇവരെ പിരിച്ചുവിടാന്‍ ബി.എസ്.എഫിന് കഴിഞ്ഞു. പിന്നീട് പോലീസ് ആസ്ഥാനത്തിന് നേരെ ആള്‍ക്കൂട്ടം ആക്രമണം നടത്തി. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ ഗൗരവ് കുമാര്‍, എ.എസ്.ഐമാരയ സൗബ്രാം സിങ്, രാംജി എന്നിവര്‍ക്ക് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.