ഗാസ - ഗാസയിലെ സ്‌കൂളുകളും സര്‍വ്വകലാശാലകളും അടക്കം 390 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇസ്രായില്‍ തകര്‍ത്തതായി ഹമാസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആസൂത്രിതമായി ലക്ഷ്യമിടുന്നതിനെ ഹമാസ് അപലപിച്ചു. ഫലസ്തീനിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഇസ്രായിലി നടപടി യുദ്ധക്കുറ്റമാണെന്ന് അവര്‍ വിശേഷിപ്പിച്ചു.
തെക്കന്‍ ഗാസയിലെ അല്‍ഇസ്രാ സര്‍വകലാശാലയില്‍ ഇസ്രായില്‍ സൈന്യം സ്‌ഫോടനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര രോഷത്തിന് കാരണമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഗാസയിലെ 'വംശഹത്യയുടെയും വംശീയ ഉന്മൂലനത്തിന്റെയും' ഭാഗമാണെന്നും പ്രദേശത്തെ 'ജീവിതത്തിന്റെ എല്ലാ ഘടകങ്ങളും നശിപ്പിക്കാനുള്ള' ഇസ്രായിലിന്റെ ലക്ഷ്യമാണെന്നും ഹമാസ് പറഞ്ഞു.
'ഗാസ മുനമ്പിലെ തീവ്രവാദ സയണിസ്റ്റ് അധിനിവേശത്തിന്റെ എല്ലാ കുറ്റകൃത്യങ്ങളും രേഖപ്പെടുത്താനും ഈ ക്രിമിനല്‍ നീക്കത്തെ അപലപിക്കാനും വിചാരണ ചെയ്യാനും ഞങ്ങള്‍ ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര അവകാശ ഗ്രൂപ്പുകളോടും ആവശ്യപ്പെടുന്നു- ഹമാസ് പറഞ്ഞു.