Sorry, you need to enable JavaScript to visit this website.

VIDEO ലഗേജ് കിട്ടാൻ വൈകി, കൊച്ചി എയർപോർട്ടിൽ സഹയാത്രികർക്ക് സംഗീത വിരുന്ന് നൽകി താളവാദ്യ വിദഗ്ധൻ

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ കൺവെയർ ബെൽറ്റിന് സമീപം സംഗീതമൊരുക്കി പ്രശസ്ത താളവാദ്യ വിദഗ്ധൻ ഡ്രെം ശിവാമണി

നെടുമ്പാശ്ശേരി - ലഗേജ് കിട്ടാനുള്ള സഹയാത്രികർക്ക് സംഗീത വിരുന്ന് നൽകി താളവാദ്യ വിദഗ്ദൻ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കൺവെയർ ബെൽറ്റിൻ്റെ സമീപത്തുനിന്നുള്ള താളവാദ്യ വിദഗ്ദന്റെ സംഗീതം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. പ്രശസ്ത സംഗീതജ്ഞൻ ശിവാമണിയാണ് കാത്തിരിപ്പ് ആസ്വാദ്യകരമാക്കി മാറ്റിയത്.

സഹയാത്രികയായ ശീതൾ മേത്തയാണ് ഇതിൻ്റെ വീഡിയോ സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചത്. ആളെ തിരിച്ചറിയാതെയാണ് ശീതൾ മേത്ത വീഡിയോ പങ്കു വച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ചിലരാണ് പ്രശസ്ത താളവാദ്യ വിദഗ്ദൻ ശിവാമണിയാണ് വീഡിയോയിൽ ഉള്ളതെന്ന് കമൻ്റ് ബോക്സിൽ രേഖപ്പെടുത്തിയത്.

ഇതോടെ മിനിറ്റുകൾക്കകം വീഡിയോ വൈറലാകുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് ഏഴ് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. ' ഞങ്ങൾ കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങി 40 മിനിറ്റ് കഴിഞ്ഞു. ബാഗുകൾ പുറത്ത് വരാൻ കാത്തിരിക്കുകയാണ്. പ്രകോപിതരാകുന്നതിന് പകരം ഒരു സഹയാത്രികൻ ഞങ്ങളെ രസിപ്പിക്കുകയാണ് ' എന്ന കുറിപ്പോട് കൂടിയാണ് 17 സെക്കൻ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംഗീതജ്ഞൻ തൻ്റെ രണ്ട് കൈകളിലുമുള്ള ഡ്രെം സ്റ്റിക്കുകൾ ഉപയോഗിച്ച് കൺവെയർ ബെൽറ്റിൻ്റെ റെയിലിംഗിൽ അടിച്ചാണ് 1995 ൽ പുറത്തിറങ്ങിയ 'ബോംബെ'  എന്ന ചിത്രത്തിൽ എ.ആർ റഹ്‌മാൻ സംഗീതം നൽകിയ ' ഹമ്മ ഹമ്മ ' എന്ന ഗാനത്തിന്റെ ബീറ്റുകൾ ഉയർത്തിയത്. സഹയാത്രികർ ഇത് ആസ്വദിക്കുകയും ചെയ്തു.

ബുധനാഴ്ച്ച മുംബൈയിൽ നിന്ന് വിസ്താര വിമാനത്തിലാണ് ശിവാമണി നെടുമ്പാശ്ശേരിയിലെത്തിയത്. കേരള സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോഡി മടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു കൺവെയർ ബെൽറ്റിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരുന്നു. ഇക്കാരണത്താലാണ് ലഗേജുകൾ വൈകാൻ ഇടയാക്കിയത്.

 

Latest News