മാലപൊട്ടിച്ചോടിയ യുവാവിനെ പിടിച്ചപ്പോള്‍ തെളിഞ്ഞത് 35 മോഷണക്കേസുകള്‍

കൊച്ചി - ബൈക്കിലെത്തി വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചെടുത്ത് കടന്ന വിരുതനെ തേടിയിറങ്ങിയ പോലീസിന്റെ പിടിയിലായത് 35 ഓളം മോഷണക്കേസുകളിലെ പ്രതി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പന്ത്രണ്ട് മാല പൊട്ടിക്കലും ഒരു ബൈക്ക് മോഷണവുമടക്കം വിവിധ ജില്ലകളില്‍ നടത്തിയ മോഷണ പരമ്പരയുടെ ചുരുളഴിഞ്ഞു.  

കിഴക്കമ്പലത്തെ മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് മേടിക്കാനെത്തിയ സ്ത്രീയുടെ രണ്ടര പവന്റെ മല പൊട്ടിച്ചു കടന്നു കളഞ്ഞ കേസിന്റെ അന്വേഷണത്തിലാണ് തൃക്കാക്കര കുന്നത്ത് കൃഷ്ണപുരം വീട്ടില്‍ വിഷ്ണു (36) കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ചാലക്കുടിയിലെ ബാര്‍ ഹോട്ടലില്‍നിന്നുമാണ് ഇയാളെ പിടികൂടിയത്. പിടികൂടുന്നതിനിടയില്‍ പോലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരത്ത്‌നിന്ന് മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്നാണ് ജില്ലയില്‍ മാല പൊട്ടിക്കലുകള്‍ നടത്തിയതെന്ന് പോലീസ് പറഞ്ഞു. മാല പൊട്ടിക്കുന്നതിനിടയില്‍ ഇയാള്‍ സ്ത്രീകളെ ആക്രമിക്കുകയും ചെയ്യും. മോഷണ മുതല്‍ വിറ്റു കിട്ടുന്ന പണം ആര്‍ഭാട ജീവിതത്തിനുപയോഗിക്കുകയാണ് ചെയ്യുന്നത്. പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വലയിലാക്കുന്നത്.

വിഷ്ണുവിനെ ചോദ്യം ചെയ്തതില്‍ കളമശേരി, ചേരാനല്ലൂര്‍, തൃക്കാക്കര എന്നിവിടങ്ങളില്‍ രണ്ട് കേസ് വീതവും, പെരുമ്പാവൂര്‍, എടത്തല, കുന്നത്തുനാട്, കോയമ്പത്തൂര്‍ പാലക്കാട് അതിര്‍ത്തി, വരാപ്പുഴ, പാലാരിവട്ടം എന്നിവിടങ്ങളില്‍ ഓരോ മാല മോഷണക്കേസും തമ്പാനൂരിലെ ഒരു ബൈക്ക് മോഷണ കേസുമാണ് തെളിഞ്ഞത്. മറ്റൊരു കേസില്‍ പിടികൂടുന്നതിനിടയില്‍ പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണ്.  

കുന്നത്തുനാട് നിന്ന് പൊട്ടിച്ചെടുത്ത മാല എറണാകുളത്ത് പഴയ സ്വര്‍ണം വാങ്ങുന്ന കടയില്‍ വിറ്റ നിലയില്‍ കണ്ടെത്തി.   ഇന്‍സ്‌പെക്ടര്‍ വി.പി.സുധീഷ്, എസ്.ഐമാരായ ടി.എസ്.സനീഷ്, ഏ.ബി.സതീഷ്, കെ.വി.നിസാര്‍,  എ.എസ്.ഐ അബൂബക്കര്‍, സീനിയര്‍ സി.പി.ഒ മാരായ ടി.എ.അഫ്‌സല്‍, വര്‍ഗീസ് ടി.വേണാട്ട്, പി.എം.മുഹമ്മദ്, പി.എം.റിതേഷ്, ബിബിന്‍ രാജ്, അഭിലാഷ് കുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Latest News