Sorry, you need to enable JavaScript to visit this website.

500 കോടി ഡോളറിന്റെ കേസ്: സ്വകാര്യ ബ്രൗസിംഗ് മോഡിൽ പുതിയ വിശദീകരണവുമായി ക്രോം

ഉപയോക്താക്കളുടെ ബ്രൗസിംഗ് ആക്റ്റിവിറ്റി നിയമവിരുദ്ധമായി ട്രാക്ക് ചെയ്യുന്നുവെന്ന 500 കോടി ഡോളറിന്റെ കേസ് ഒത്തുതീർപ്പാക്കയതിനു പിന്നാലെ  ഗൂഗിൾ തങ്ങളുടെ പ്രൈവസി മോഡിലെ  നിരാകരണം അപ്‌ഡേറ്റ് ചെയ്തു. സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ബ്രൗസ് ചെയ്യാൻ അനുവദിക്കുന്ന ഇൻകോഗ്നിറ്റോ മോഡ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിവരിക്കാൻ ഉപയോഗിക്കുന്ന ടെക്‌സ്റ്റാണ് ഗൂഗിൾ  അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഗൂഗിൾ ക്രോം കാനറി ബിൽഡ് പതിപ്പിലാണ് ഈ മറ്റം കണ്ടെത്തിയത്. ക്രോം കാനറി ബിൽഡ് പതിപ്പിൽ (22.0.6251.0) ഇതു കാണാം. 
മറ്റു ബ്രൗസറുകളിലെ സ്വകാര്യ ബ്രൗസിംഗ് മോഡ് പോലെ തന്നെയാണ് ക്രോമിന്റെ ഇൻകോഗ്നിറ്റോ മോഡും പ്രവർത്തിക്കുന്നത്. ഈ മോഡിൽ ബ്രൗസർ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഉപകരണത്തിൽ ഒരു വിവരവും ശേഖരിക്കപ്പെടില്ലെന്നും മെഷീൻ അടക്കന്ന നിമിഷം തന്നെ ബ്രൗസിംഗ് ചരിത്രവും ട്രാക്കിംഗ് ഡാറ്റയും ഇല്ലാതാകുമെന്നുമുള്ള സന്ദേശം ലഭിക്കും. എന്നാൽ ഈ മോഡ്  ലോക്കൽ മെഷീനിൽ മാത്രമല്ല, സന്ദർശിച്ച വെബ്‌സൈറ്റുകളിലും ഒരു അടയാളവും ബാക്കിവെക്കാതെ വെബ് ബ്രൗസ് ചെയ്യാനുള്ള  മാർഗമായമാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഇതാണ് വൻതുകയുടെ കേസിലേക്ക് നയിച്ചതും.  
ഗൂഗിൾ ക്രോമിന്റെ പ്രൈവസി ബ്രൗസിംഗ് മോഡിൽ അപ്‌ഡേറ്റ് ചെയ്ത വാചകം ഇങ്ങനെയാണ്.
ഈ ഉപകരണം ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് നിങ്ങളുടെ പ്രവർത്തനം കാണാനാകില്ല, അതിനാൽ നിങ്ങൾക്ക് കൂടുതൽ സ്വകാര്യമായി ബ്രൗസ് ചെയ്യാം. ഗൂഗിൾ ഉൾപ്പെടെ നിങ്ങൾ സന്ദർശിക്കുന്ന വെബ് സൈറ്റുകളും  ഉപയോഗിക്കുന്ന സേവനങ്ങളും ശേഖരിക്കുന്ന ഡാറ്റക്ക്  ഇത് ബാധമകല്ല. ഡൗൺലോഡുകൾ, ബുക്ക്മാർക്കുകൾ, റീഡിംഗ് ലിസ്റ്റ് ഇനങ്ങൾ എന്നിവ സേവ് ചെയ്യപ്പെടും.
നിങ്ങൾക്ക് സ്വകാര്യമായി ബ്രൗസ് ചെയ്യാമെന്നും ഈ ഉപകരണം ഉപയോഗിക്കുന്ന മറ്റ് ആളുകൾക്ക് നിങ്ങളുടെ പ്രവർത്തനം കാണാനാകില്ലെന്നും മാത്രമാണ് നേരത്തെ ഗൂഗിൾ വ്യക്തമാക്കിയിരുന്നത്. ഗൂഗിൾ അടക്കം എന്നു ചേർത്തതോടെ ക്രോമിനെതിരായ കേസിലെ പ്രധാന പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. 
ഗുഗിൾ ക്രോമിന്റെ പ്രൈവസി മോഡിൽനിന്ന് (ഇൻകോഗ്നിറ്റോ)  എന്തൊക്കെ പ്രതീക്ഷിക്കാമെന്നും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നുമാണ് ഗൂഗിൾ ഇപ്പോൾ വിശദീകരിച്ചിരിക്കുന്നത്.  ആൻഡ്രോയിഡ്, വിൻഡോസ്, മാക് എന്നിവയുൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഗൂഗിൾ ക്രോമിൽ  ഈ മാറ്റം ബാധകമാണ്. 
സ്വകാര്യതാ നയം ഉപയോഗിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച കേസിൽ ഗൂഗിളിന് എത്ര തുക നഷ്ടപരിഹാരം നൽകേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയിട്ടില്ല. അഞ്ച് ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. 
ഉപയോക്താക്കൾ ട്രാക്കിംഗ് ഒഴിവാക്കിയാലും ഗൂഗിളിന് ട്രാക്ക് ചെയ്യാൻ കഴിയുമെന്നാണ് പരാതിയിൽ അവകാശപ്പെട്ടിരുന്നത്. ഈ കേസ് തീർപ്പാക്കിയതിനു ശേഷമാണ്  സ്വകാര്യതാ നയത്തിലെ പുതിയ വാചകം ഉൾപ്പെടുത്തിയത്. 
ഈ മാറ്റം ഉപയോക്താക്കൾക്ക് ഉടനടി കാണാനാവില്ല. ഇത് ഇപ്പോൾ കാനറി ബിൽഡിൽ മാത്രമാണ് ഉള്ളത്. സ്ഥിരമായ പതിപ്പിലേക്ക് എത്താൻ കുറച്ച് സമയമെടുക്കും.

Latest News