ജിദ്ദ - ഗാസ യുദ്ധത്തിന്റെയും ഹൂത്തികള്‍ക്കെതിരായ അമേരിക്കന്‍, ബ്രിട്ടീഷ് ആക്രമണങ്ങളുടെയും ഇറാഖിലും പാക്കിസ്ഥാനിലും ഇറാന്‍ നടത്തിയ ആക്രമണങ്ങളുടെയും ഇറാനില്‍ പാക്കിസ്ഥാന്‍ പ്രത്യാക്രമണം നടത്തിയതിന്റെയും ഇറാന്‍ ആക്രമണങ്ങള്‍ നയതന്ത്രബന്ധങ്ങളില്‍ വിള്ളലുകളുണ്ടാക്കിയതിന്റെയും പശ്ചാത്തലത്തില്‍ ഇറാന്‍, ഇറാഖ് വിദേശ മന്ത്രിമാരുമായും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. ദാവോസ് ലോക സാമ്പത്തിക ഫോറത്തിനിടെയാണ് ഇറാന്‍ വിദേശ മന്ത്രിയുമായും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായും സൗദി വിദേശ മന്ത്രി കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തിയത്.
ഇറാന്‍ വിദേശ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹ്‌യാനുമായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും അന്താരാഷ്ട്ര സുരക്ഷയും സമാധാനവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും വിശകലനം ചെയ്തു. ഗാസയിലെ പുതിയ സംഭവവികാസങ്ങളും, ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കാനും സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാനും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം വഹിക്കേണ്ടതിന്റെ പ്രാധാന്യവും ഇരുവരും വിശകലനം ചെയ്തു.
പാക്കിസ്ഥാന്‍ ഇടക്കാല പ്രധാനമന്ത്രി അന്‍വാറുല്‍ഹഖ് കാകറും സൗദി വിദേശ മന്ത്രിയും നടത്തിയ കൂടിക്കാഴ്ചക്കിടെ പാക്കിസ്ഥാന്‍, ഇറാന്‍ അതിര്‍ത്തിയിലെ സംഭവവികാസങ്ങളും പൊതുതാല്‍പര്യമുള്ള മേഖലാ, ആഗോള പ്രശ്‌നങ്ങളും വിശകലനം ചെയ്തു. ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ഡോ. ഫുവാദ് മുഹമ്മദ് ഹുസൈനുമായി സൗദി വിദേശ മന്ത്രി ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. കുര്‍ദിസ്ഥാനിലെ പുതിയ സംഭവവിാകസങ്ങള്‍ അടക്കം മേഖലാ, ആഗോള തലങ്ങളിലെ പുതിയ സംഭവവികാസങ്ങള്‍ ഇരുവരും വിശകലനം ചെയ്തു. സൗദി അറേബ്യയും ഇറാഖും തമ്മിലുള്ള ബന്ധങ്ങളും സര്‍വ മേഖലകളിലും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു.
സൗദി വിദേശ മന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ വളരെ മികച്ചതായിരുന്നെന്ന് ഇറാന്‍ വിദേശ മന്ത്രി പറഞ്ഞു. ഇറാഖിന്റെ പരമാധികാരം ഇറാന്‍ മാനിക്കുന്നു. ഭീകരത ചെറുക്കാനാണ് ഇറാഖില്‍ ഇറാന്‍ ആക്രമണം നടത്തിയതെന്നും ഇറാന്‍ വിദേശ മന്ത്രി പറഞ്ഞു.