Sorry, you need to enable JavaScript to visit this website.

മഹാരാജാസിലെ എസ്.എഫ്.ഐ നേതാവിനെ കുത്തിയ കേസ്; വിദ്യാർത്ഥിനി അടക്കം 15 പേർക്കെതിരെ കേസ്, മാലിക് ഒന്നാംപ്രതി

കൊച്ചി - എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് നാസർ അബ്ദുൽറഹ്മാനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഒരു വിദ്യാർത്ഥിനി അടക്കം 15 പേർക്കെതിരെ കേസെടുത്തതായി പോലീസ്. സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൽമാലിക് ആണ് ഒന്നാം പ്രതി. വധശ്രമം അടക്കം ഒൻപത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയതെന്നും കെ.എസ്.യു-  ഫ്രട്ടേണിറ്റി പ്രവർത്തകരാണ് പ്രതികളെന്നും പോലീസ് പറഞ്ഞു.
 ഇന്നലെ ഭിന്നശേഷിക്കാരനായ അറബിക് അധ്യാപകനെ കോളജിൽ വച്ച് ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകർക്കെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് എസ്.എഫ്.ഐ നേതാവിന് നേരെയുള്ള ആക്രമണത്തിന് പിന്നിലെന്നാണ് എഫ്.ഐ.ആറിലുള്ളത്. നാസറിന് വയറ്റിലും കൈകകാലുകൾക്കും കുത്തേറ്റ്  ചികിത്സയിലാണ്. കത്തി, ബിയർ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് റിപോർട്ട്. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും ആക്രമണത്തിൽ പരുക്കുണ്ട്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. 
 വിദ്യാർത്ഥിയുടെ ആക്രമണത്തിന് വിധേയനായ അറബിക് അധ്യാപകൻ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇന്നലെ വൈകിട്ടോടെ ആശുപത്രി വിട്ടു. എറണാകുളം സെൻട്രൽ പോലീസ് ആശുപത്രിയിലെത്തി അധ്യാപകനായ ഡോ. നിസാമുദ്ദിന്റെ മൊഴിയെടുത്തിട്ടുണ്ട്. 
 അതിനിടെ, മർദ്ദനമേറ്റ അദ്ധ്യാപകൻ തല്ലിയെന്നും ഇസ്‌ലാമിസ്റ്റെന്നും വിളിച്ചെന്നും ആരോപിച്ച് ഫ്രട്ടേണിറ്റി പ്രവർത്തകരായ വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്. സസ്പൻഷനിലായ ഒരു വിദ്യാർത്ഥി കഴിഞ്ഞദിവസം കാമ്പസിലെത്തിയത് എസ്.എഫ്.ഐ-ഫ്രട്ടേണിറ്റി സംഘർഷത്തിനും ഇടയാക്കി. അറബിക് വിഭാഗത്തിന്റെ മുന്നിൽ നടന്ന സംഘട്ടനത്തിന് ഇരുവിഭാഗം പ്രവർത്തകർക്കുമെതിരെ നടപടിയെടുക്കണമെന്ന് കോളേജിലെ സ്റ്റാഫ് കോ-ഓർഡിനേറ്റർ കൂടിയായ ഡോ. നിസാമുദ്ദീൻ അടക്കമുള്ള അറബികിലെ അധ്യാപകർ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോളേജ് ഇന്നുമുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്.
 

Latest News