Sorry, you need to enable JavaScript to visit this website.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ആലപ്പുഴയില്‍  മത്സരിക്കാനൊരുക്കം-കെ.സി വേണുഗോപാല്‍ 

കൊച്ചി-കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍.ഡി.ഫിന് ലഭിച്ച ഏക സീറ്റാണ് ആലപ്പുഴ. കുറഞ്ഞ ഭൂരിപക്ഷത്തിനാണെങ്കിലും സി.പി.എമ്മിലെ എ.എം ആരിഫായിരുന്നു വിജയി. എന്നാല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ ഉറച്ച സീറ്റുകളിലൊന്നായി പരിഗണിക്കപ്പെടുന്ന മണ്ഡലമാണ് ആലപ്പുഴ. പാര്‍ലമെന്റിലേക്ക് പല പ്രമുഖ നേതാക്കളും ഇവിടെ നിന്ന് മത്സരിച്ചെത്തിയിട്ടുണ്ട്. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് മോഹം പരസ്യമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്തെത്തി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാന്‍ തയാറെന്ന് അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ ഒരു നിര്‍ദേശം ഉണ്ടായാല്‍ ആലപ്പുഴ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എപ്പോഴും ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ഏറെ ഇഷ്ടം. തന്റെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കെസി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ഇടതുപക്ഷ സ്വാധീനം കാരണമാണെന്ന എം.വി. ഗോവിന്ദന്റെ അഭിപ്രായം ബാലിശമാണ്.
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കൂടിയെടുക്കുന്ന തീരുമാനം ആരുടെയെങ്കിലും വകയാണെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കുമെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. വയനാട് ലോക്‌സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനില്ലെ്ങ്കില്‍ ഈ സീറ്റിനും മറ്റു നേതാക്കളെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍, ആര്യാടന്‍ ഷൗക്കത്ത് എന്നിവരാണ് പട്ടികയില്‍ മുന്നില്‍. 

Latest News