വാഷിംഗ്ടണ്‍- ഗാസയിലേയും വെസ്റ്റ് ബാങ്കിലേയും ഫലസ്തീനികള്‍ക്കുള്ള 20 കോടി ഡോളറിന്റെ സഹായം റദ്ദാക്കിയതായി യു.എസിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം അറിയിച്ചു. ഫലസ്തീന്‍ പ്രദേശങ്ങളിലെ സഹായങ്ങള്‍ വിലയിരുത്തിയ ശേഷം പ്രസിഡന്റ് ട്രംപ് ഇതിനായി നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് വിദേശ കാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗാസയിലും വെസ്റ്റ് ബാങ്കിലും നല്‍കി വന്നിരുന്ന 20 കോടി ഡോളര്‍ ഇനി ലോകത്ത് മറ്റെവിടെയെങ്കിലും പ്രാധാന്യമുളള പദ്ധതികള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായില്‍ തലസ്ഥാനമാറ്റം അംഗീകരിക്കാതെ പ്രതിഷേധം തുടരുന്ന ഫലസ്തീനികള്‍ക്കുളള ശിക്ഷയാണ് അമേരിക്കയുടെ സഹായം റദ്ദാക്കല്‍.
ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിക്ക് നല്‍കി വന്നിരുന്ന സഹായത്തില്‍ അമേരിക്ക നേരത്തെ വലിയ കുറവു വരുത്തിയിരുന്നു. ജറൂസലമിനെ ഇസ്രായില്‍ തലസ്ഥാനമായി അംഗീകരിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ ഫലസ്തീന്‍ അതോറിറ്റിയുമായുള്ള ബന്ധം വഷളായിരുന്നു. മധ്യപൗരസത്യ ദേശത്തെ സമാധാന പ്രക്രിയയില്‍ മാധ്യസ്ഥം വഹിക്കാന്‍ അമേരിക്കക്ക് ഇനി അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലസ്തീനികള്‍ ട്രംപ് ഭരണകൂടവുമായുള്ള ബന്ധം വിഛേദിച്ചത്.