Sorry, you need to enable JavaScript to visit this website.

ജാമ്യം കിട്ടിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി

തിരുവനന്തപുരം- യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തലിന് ജാമ്യം. പൂജപ്പുര ജയിലില്‍ റിമാന്റില്‍ കഴിയുന്ന രാഹുല്‍ പുറത്തിറങ്ങിയതോടെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പി. ബി. ശ്രീനിവാസ് ഉള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് വന്‍ ജനക്കൂട്ടമാണ് സ്വീകരിക്കാനെത്തിയത്. ഷാഫി പറമ്പിലിന്റേയും പി സി വിഷ്ണുനാഥിന്റേയും നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തുവന്ന രാഹുലിനെ സ്വീകരിച്ചത്. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കുവെച്ചത്.

പൂജപ്പുര ജയിലില്‍ നിന്നും പുറത്തിറങ്ങിയ രാഹുലിന് ആവേശഭരിതരായ ആള്‍ക്കൂട്ടത്തില്‍ നിന്നും തുറന്ന വാഹനത്തിലെത്താന്‍ ഏറെ സമയം വേണ്ടിവന്നു. 

'ഞങ്ങടെ ഓമന നേതാവേ, ആജ്ഞാപിച്ചോ കല്‍പ്പിച്ചോ ധീരതയോടെ നയിച്ചോളൂ' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ ഉറക്കെ വിളിച്ചത്. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് നാലു കേസുകളിലും ജാമ്യം ലഭിച്ചത്. ബുധനാഴ്ച  ഉച്ചയ്ക്കുശേഷം രണ്ടു കേസുകളില്‍ കൂടി ജാമ്യം ലഭിച്ചതോടെയാണ് രാഹുലിന് ജയിലില്‍നിന്ന് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. നേരത്തെ രണ്ടു കേസുകളില്‍ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമ കേസില്‍ ബുധനാഴ്ച ഉച്ചയ്ക്കുശേഷം ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഡി. ജി. പി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 

യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയും ഡി. ജി. പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലുള്ള കേസില്‍ സി. ജെ. എം കോടതിയുമാണ് രാഹുലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 25000 രൂപ കെട്ടിവെക്കണം, എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകരണം തുടങ്ങിയ ഉപാധികളോടെയാണ് സി. ജെ. എം കോടതി ജാമ്യം അനുവദിച്ചത്.
 

Latest News