ബാധ ഒഴിപ്പിക്കലിനെ ചൊല്ലി തര്‍ക്കം; പിതൃസഹോദരനെ യുവാവ് വെട്ടിക്കൊന്നു

കൊല്ലപ്പെട്ട സെബാസ്റ്റ്യനും പ്രതി ജോസഫ് മാത്യു എന്ന രൂപേഷും.

ഇടുക്കി-  ബാധ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പിതൃസഹോദരനെ യുവാവ് മദ്യലഹരിയില്‍  വെട്ടിക്കൊന്നു. തോപ്രാംകുടി പെരുംതെട്ടി അറക്കപ്പറമ്പില്‍ സെബാസ്റ്റ്യനാണ് (52) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ജ്യേഷ്ഠന്റെ മകന്‍ മഞ്ഞപ്പെട്ടി എട്ടുമുക്ക് അറക്കപ്പറമ്പില്‍ ജോസഫ് മാത്യു (രൂപേഷ്-40) അറസ്റ്റിലായി. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. എസ്എഫ്‌ഐ നേതാവ് അനീഷ് രാജന്‍ വധക്കേസിലെ മുഖ്യപ്രതിയാണ് രൂപേഷ്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സെബാസ്റ്റ്യന് വീടിനുള്ളില്‍ തെന്നി വീണ് പരിക്കേറ്റെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞ് രൂപേഷ് തന്റെ അനുജനെയും മറ്റൊരു ബന്ധുവിനെയും പുലര്‍ച്ചെ 3.30 ഓടെ വിളിച്ചുവരുത്തി. രക്തത്തില്‍ കുളിച്ച് കിടന്നിരുന്ന സെബാസ്റ്റ്യനെ പ്രതി കൂടി ചേര്‍ന്ന് കസേരയിലിരുത്തി നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസില്‍ അറിയിച്ചത്. പ്രതിയുടെ സഹോദരനും സംഭവത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് രൂപേഷിനെ ആശുപത്രി പരിസരത്തു നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി 8.30 ഓടെ മദ്യവും വാങ്ങി സെബാസ്റ്റിയന്‍  രൂപേഷിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ രൂപേഷിന്റെ വീട്ടിലേക്ക് പോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. മദ്യപിക്കുന്നതിനിടെ രൂപേഷ് വീടിന് പുറത്തേക്ക് പോയിരുന്നു. ഈ സമയം സെബാസ്റ്റ്യന്‍ കൈയില്‍ കരുതിയിരുന്ന പൊതിയില്‍ നിന്നും എന്തോ പൊടി എടുത്ത് മദ്യപാനം നടത്തിയിരുന്ന റൂമില്‍ വിതറി. ഇത് തിരികെയെത്തിയ ജോസഫ് കണ്ടു. വീടിനുള്ളിലെ ബാധകള്‍ പോകാനാണ് പൊടി വിതറിയതെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞതായി പ്രതി പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. ഇതിനെത്തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടായെന്നും മദ്യലഹരിയില്‍ വീടിനുള്ളിലിരുന്ന വാക്കത്തിയെടുത്ത് സെബാസ്റ്റ്യന്റെ തലയില്‍ വെട്ടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പ്രതിയുടെ വീട്ടില്‍ നിന്നും കൊല നടത്താന്‍ ഉപയോഗിച്ച വാക്കത്തിയും രക്തം പുരണ്ട കോടാലിയും പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കട്ടപ്പന ഡിവൈ.എസ്.പി എന്‍.സി രാജ്‌മോഹന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം സി.ഐ ബി.അയ്യൂബ് ഖാന്‍, എസ്.ഐമാരായ കെ.പി മനേഷ്, സാജു എം.മാത്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ എട്ടുമുക്കിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.

Latest News