എങ്ങും കനത്ത സുരക്ഷ, പ്രധാനമന്ത്രി  ഗുരുവായൂരിലേക്ക് പുറപ്പെട്ടു 

കൊച്ചി- നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തൃശൂരിലേക്ക് പുറപ്പെട്ടു.  പ്രധാനമന്ത്രി നേരിട്ടെത്തുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ താരങ്ങളും വലിയ നിരയുണ്ടാകും.  പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍, തൃപ്രയാര്‍ സന്ദര്‍ശനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കനത്ത സുരക്ഷയാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുള്ളത്.രാവിലെ 7.30ഓടെയാണ് പ്രധാനമന്ത്രി ശ്രീകൃഷ്ണ കോളജ് ഹെലിപ്പാടിലെത്തുന്നത്. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങും മുമ്പ് രണ്ട് ഹെലികോപ്റ്ററുകള്‍ കവചമായി നിലയുറപ്പിച്ചിട്ടുണ്ടാവും. തുടര്‍ന്ന് പ്രധാനമന്ത്രി റോഡ് മാര്‍ഗം ഗുരുവായൂരെത്തും. അവിടെ ദേവസ്വം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിച്ച ശേഷം ക്ഷേത്ര ദര്‍ശനം നടത്തും. തുടര്‍ന്ന് 8.45 ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും. തൊട്ടടുത്ത മൂന്ന് മണ്ഡപങ്ങളിലുമെത്തി നവ ദമ്പതികള്‍ക്ക് ആശംസ അറിയിക്കും. തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കുന്ന മോഡി 9.45 ന് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും. പത്തുമണിക്ക് ഇവിടെയെത്തുന്ന പ്രധാനമന്ത്രി പതിനൊന്ന് മണിക്ക് കൊച്ചിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഇന്ന് ഗുരുവായൂര്‍ നഗരസഭയിലും കണ്ടാണിശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയുടെ വരന്‍. 


 

Latest News