Sorry, you need to enable JavaScript to visit this website.

പരസ്യപ്രസ്താവനയിലും സമസ്തയിലെ ഭിന്നത മറനീക്കി; 'കൈവെട്ടി'നെ ന്യായീകരിക്കാൻ ഒരു വിഭാഗം നേതാക്കളില്ല

- തെറ്റിദ്ധരിപ്പിക്കലും തെറ്റായ പ്രചാരണവും അവഗണിക്കണമെന്ന് സുന്നി നേതാക്കൾ

- തെറ്റായ പ്രചാരണങ്ങൾക്കു പിന്നിൽ മുസ്‌ലിം സമുദായത്തിൽ എക്കാലവും ഭിന്നതയും കുഴപ്പവുമുണ്ടാക്കിയ ചില കേന്ദ്രങ്ങളെന്ന് വിമർശം

കോഴിക്കോട് - എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് സത്താർ പന്തല്ലൂരിന്റെ വിവാദ 'കൈവെട്ട്' പ്രസ്താവനയിൽ വിശദീകരണവുമായി സമസ്ത നേതാക്കൾ രംഗത്ത്.
 സമുന്നതരായ നേതാക്കളെ സമൂഹമധ്യത്തിൽ അവമതിക്കുകയെന്ന ലക്ഷ്യത്തോടെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുഷ്പ്രചാരണം നടത്തുന്ന പ്രതിയോഗികളുടെ കെണിയിൽ വീഴരുതെന്നും ഇത്തരം തെറ്റായ പ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും അവഗണിക്കണമെന്നും സുന്നി സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആഹ്വാനംചെയ്തു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 ചില മുസ്‌ലിം യുവാക്കളിൽ തീവ്രവാദ ചിന്തകൾ നാമ്പെടുത്ത കാലത്തു തന്നെ അതിനെതിരെ ശക്തമായ ക്യാമ്പയിൻ നടത്തി മുസ്‌ലിം യുവാക്കളെ സമാധാനത്തിന്റെ പാതയിൽ ഉറപ്പിച്ചുനിർത്തിയ പ്രസ്ഥാനത്തിന്റെ നായകനാണ് സത്താർ പന്തലൂർ. പ്രസംഗത്തിൽ തികച്ചും ആലങ്കാരിക പ്രയോഗമായി പറഞ്ഞ ഒരു വാക്ക് അതിന്റെ യഥാർത്ഥ അർത്ഥതലം ഉൾക്കൊള്ളാതെയാണ് ചിലർ ദുഷ്പ്രചാരണം ആരംഭിച്ചത്. മുസ്‌ലിം സമുദായത്തിൽ എക്കാലവും ഭിന്നതയും കുഴപ്പവുമുണ്ടാക്കിയ ചില കേന്ദ്രങ്ങളാണ് ഇതിന് പിന്നിലെന്ന് നാം തിരിച്ചറിയണം. അതിനെ ഇതര മതസ്ഥർക്കെതിരെയുള്ള പ്രചാരണമായും മറ്റും തെറ്റിദ്ധരിപ്പിക്കുന്നതിന് കൂട്ടുനിന്നവർ മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തതെന്നും നേതാക്കൾ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
 സമസ്ത സെക്രട്ടറി കെ ഉമർ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗങ്ങളായ എ.വി അബ്ദുറഹിമാൻ മുസ്‌ലിയാർ, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, സുന്നി യുവജന സംഘം സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, ട്രഷറർ എ.എം പരീത് എറണാകുളം, വൈസ് പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാൽ, സമസ്ത എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ, ജംഇയ്യത്തുൽ ഖുതുബ സംസ്ഥാന ട്രഷറർ സുലൈമാൻ ദാരിമി ഏലംകുളം, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്, ട്രഷറർ സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ കണ്ണന്തളി, വർക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടിൽ എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടത്.
'സമസ്തയുടെ നേതാക്കളെ കൊച്ചാക്കാൻ ശ്രമിച്ചാൽ അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്നും വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും ആ കൈവെട്ടാൻ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവർത്തകർ മുന്നോട്ടുണ്ടാകുമെന്നും ഇതിനെ അപമര്യാദയായി ആരും കാണേണ്ടതില്ലെന്നും സത്താർ പന്തല്ലൂർ മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപനത്തിൽ പറഞ്ഞത് വിവാദമായിരുന്നു.
 സമസ്തയുടെ കേന്ദ്ര മുശാവറ ഒരു കാര്യം പ്രഖ്യാപിച്ചാൽ ആ തീരുമാനം അവസാന ശ്വാസം വരെ നടപ്പാക്കാൻ നാം സന്നദ്ധമാകണമെന്നും സത്താർ പന്തല്ലൂർ ഓർമിപ്പിച്ചിരുന്നു. സംഭവത്തിൽ വിവാദ കൈവെട്ട് പരാമർശത്തിൽ പോലീസ് കേസെടുത്തതോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംഘടനയിലും സമൂഹമാധ്യമങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണ് സത്താർ പന്തല്ലൂരിനെയും അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവിനെയും തുണക്കുന്ന ഒരു വിഭാഗം നേതാക്കൾ പരസ്യ പ്രസ്താവനയുമായി രംഗത്തുവന്നത്. എന്നാൽ, ഈ പ്രസ്താവനയിൽ പോലും സമസ്തയുടെ പ്രധാനപ്പെട്ട നേതാക്കളെയോ പോഷക സംഘടനകളുടെ തലപ്പത്തുള്ള എല്ലാ വിഭാഗം നേതാക്കളെയും ഒരുമിച്ച് നിർത്താൻ നേതൃത്വത്തിനായിട്ടില്ല. സമസ്തയിലെ ഭിന്നത കൂടുതൽ മറനീക്കുംവിധമാണ് പ്രസ്താവനയിലെ നേതൃസാന്നിധ്യം.
  'ആവേശവും വികാരവും ഉണ്ടാവുമ്പോൾ എന്തെങ്കിലും വിളിച്ച് പറയരുതെന്നും വാക്കുകൾ മാന്യമാവണമെന്നും' പന്തല്ലൂരിന്റെ പ്രസംഗം വിവാദമായതോടെ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയിരുന്നു. പ്രബോധന പ്രവർത്തനങ്ങൾ നടത്തുന്നവർ ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിക്കണം. വിശ്വാസികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന വാക്കുകൾ മാത്രമേ നേതാക്കൾ പ്രയോഗിക്കാവൂ. ജനങ്ങളെ വെറുപ്പിക്കുന്നതും വിരോധമുണ്ടാക്കുന്നതും തമ്മിലടിപ്പിക്കുന്നതും ആവരുതെന്നും ജിഫ്രി തങ്ങൾ പ്രാസംഗികന്റെ പേര് പറയാതെ മഞ്ചേശ്വരം പൈവളിഗഉസ്താദ് അക്കാദമിയിലെ വാർഷിക സനദ് ദാന ചടങ്ങിൽ പ്രസംഗിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കുക

പ്രവാസി യുവാവിനും പെണ്‍സുഹൃത്തിനും നേരെ സദാചാര അക്രമണം;രണ്ടുപേര്‍ പിടിയില്‍

Latest News