Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ കെ ജയന്തിനെ കെട്ടിയിറക്കാൻ സുധാകരൻ; കോൺഗ്രസിൽ ഗ്രൂപ്പ് മറന്ന്‌ പടയൊരുക്കം

- കോൺഗ്രസിന് കണ്ണൂരിലെ സ്ഥാനാർത്ഥി നിർണയം കടുക്കും
കണ്ണൂർ -
ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേരളത്തിലെ സീറ്റുനിർണയ ചർച്ച എളുപ്പമാകുമെങ്കിലും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ കണ്ണൂരിൽ സ്ഥാനാർത്ഥിനിർണയം കീറാമുട്ടിയാകുമെന്ന് സൂചന. കോൺഗ്രസിന്റെ മറ്റു എം.പിമാരെല്ലാം സിറ്റിംഗ് സീറ്റുകളിൽ വീണ്ടും ജനവിധി തേടുമ്പോൾ പാർട്ടി അധ്യക്ഷനെന്ന നിലയ്ക്ക് കണ്ണൂരിൽ വീണ്ടും ശക്തി പരീക്ഷിക്കാൻ കെ സുധാകരൻ ഒരുക്കമല്ല. 
 ഇവിടെ തന്റെ വിശ്വസ്തനും കെ.പി.സി.സി ജനറൽസെക്രട്ടറിയുമായ കോഴിക്കോട് ജില്ലയിൽനിന്നുള്ള കെ ജയന്തിനെ മത്സരിപ്പിക്കാനാണ് സുധാകരന്റെ നീക്കം. ഇത് മണത്തറിഞ്ഞതോടെ സുധാകരന്റെ തട്ടകത്തിൽനിന്നടക്കം ഗ്രൂപ്പ് ഭേദമില്ലാതെ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം ശക്തമായ നീരസത്തിലാണ്. മുമ്പ് പാർട്ടിവിരുദ്ധ നടപടിക്കു വിധേയനായ ജയന്തിന് കോഴിക്കോട് ജില്ലയിൽ കാര്യമായ സ്വീകാര്യത ഇല്ലാതിരുന്നപ്പോൾ, തന്റെ ചാവേർ പടയിലേക്ക് ആളെ കൂട്ടാനായി നടത്തിയ ശ്രമത്തിന്റെ ഫലമാണ് ജയന്തിന് കോൺഗ്രസിലേക്കുതന്നെ തിരികെ വരാൻ അവസരം ഒരുങ്ങിയത്. കോഴിക്കോട്ടെ കോൺഗ്രസ് നേതാക്കളെയെല്ലാം അവഗണിച്ച് കെ.പി.സി.സിയുടെ സുപ്രധാന സ്ഥാനത്ത് ജയന്തിനെ അവരോധിക്കാനും സുധാകരന് സാധിച്ചു. ഇപ്പോൾ പാർട്ടി ഗ്രൂപ്പുകളിയിൽ സുധാകരനുവേണ്ടി ഇന്ദിരാ ഭവൻ കേന്ദ്രീകരിച്ചും മറ്റും നീക്കം നടത്തുന്നതും കൃത്യസമയത്ത് എല്ലാം എത്തിച്ചുകൊടുക്കുന്നതും ജയന്താണ്. പാർട്ടിയിലോ മറ്റോ വലിയ സ്വീകാര്യതയൊന്നും ഇല്ലാതിരുന്നിട്ടും സംസ്ഥാനത്തെ കോൺഗ്രസ് സംഘടനാ പ്രശ്‌നങ്ങളിലെല്ലാം സുധാകരനുവേണ്ടി നാവ് ചലിപ്പിക്കുന്നതും ജയന്താണെന്നാണ് അദ്ദേഹത്തിന്റെ എതിരാളികൾ പറയുന്നത്.
 ഈ ജയന്തിനെ കണ്ണൂരിലേക്ക് കെട്ടിയിറക്കിയാൽ വിവരം അറിയുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെങ്കിൽ വീണ്ടും തുറന്ന മനസ്സോടെ ഞങ്ങൾ സ്വാഗതം ചെയ്യും. മറിച്ച് ജയന്തിനുവേണ്ടി കളിച്ചാൽ നോക്കി നിൽക്കില്ലെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ, കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം. ജയന്തിന് കണ്ണൂരിലെ വോട്ടർമാരെ ആകർഷിക്കാനാവില്ലെന്നും ഒരു മത്സരം പോലും കാഴ്ചവെക്കാനാകാതെ സീറ്റ് നഷ്ടപ്പെടുകയാവും ഫലമെന്നും ഇവർ പറയുന്നു. 
 സുധാകരൻ കണ്ണൂരിലെ കോൺഗ്രസിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായാണ് അറിയപ്പെടുന്നതെങ്കിലും സ്ഥാനാർത്ഥി നിർണയത്തിൽ അവിവേകം കാണിച്ചാൽ അത് കോൺഗ്രസിന്റെ വിലപ്പെട്ട ഒരു സീറ്റ് നഷ്ടപ്പെട്ടതിന്റെ മുഴുവൻ പാപഭാരവും പേറേണ്ടിവരിക അദ്ദേഹം മാത്രമായിരിക്കുമെന്നും പ്രവർത്തകർ ഓർമിപ്പിക്കുന്നു. കോൺഗ്രസ് നേതാവും മുൻ പ്രോസിക്യൂഷൻ ഡയരക്ടർ ജനറലുമായ അഡ്വ. ടി ആസഫലി, യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി, പാർട്ടിയുടെ ചാനൽ മുഖം ഷമാ മുഹമ്മദ്, കണ്ണൂർ മുൻ മേയർ ടി.ഒ മോഹനൻ എന്നിവരുടെ പേരുകളാണ് കണ്ണൂരിലെ പാർട്ടി പ്രവർത്തകരുടെ പരിഗണനയിലുള്ളത്.
  കോൺഗ്രസ് കഴിഞ്ഞതവണ ഒരു സീറ്റ് പോലും മുസ്‌ലിം സമുദായത്തിന് നൽകിയില്ലെന്ന പരാതി നിലനിൽക്കവേ കണ്ണൂരിലോ പാർട്ടി തോറ്റ ആലപ്പുഴ ജില്ലയിലോ ഏതെങ്കിലുമൊരു സീറ്റിൽ സാമുദായിക പരിഗണന നൽകേണ്ടി വന്നേക്കും. അങ്ങനെ വന്നാൽ കണ്ണൂരിൽ ഇഴവ പരിഗണനയോ ആലപ്പുഴയിൽ മുസ്‌ലിം സാമുദായിക പരിഗണനയോ ആയേക്കാം. ചിലപ്പോൾ തിരിച്ചുമാകാനും സാധ്യതയുണ്ട്. ആലപ്പുഴയിൽ എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാലോ പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തലയോ മത്സരിക്കുന്നില്ലെങ്കിൽ അഡ്വ. കെ ലിജുവിന്റെയും ഷാനിമോൾ ഉസ്മാന്റെയും പേരുകൾക്കാണ് പാർട്ടിയിൽ മുൻതൂക്കമുള്ളത്. 
 ആലപ്പുഴയിൽ സി.പി.എമ്മിനുവേണ്ടി സിറ്റിംഗ് എം.പി എ.എം ആരിഫ് തന്നെ വീണ്ടും ജനവിധി തേടുമ്പോൾ കണ്ണൂരിൽ മുൻ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെയും സി.പി.എം നേതാവ് പി ജയരാജന്റെയുമെല്ലാം പേരുകളാണ് പലരും ഉയർത്തിക്കാണിക്കുന്നതെങ്കിലും പാർട്ടി പരീക്ഷണം യുവമുഖങ്ങളിലേക്ക് നീങ്ങുമോ എന്നതിലും വ്യക്തതയായിട്ടില്ല.

Latest News