ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അക്കാദമിക് ബിരുദം സംബന്ധിച്ച പരാമര്‍ശങ്ങളുടെ പേരില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും എ.എ.പി പാര്‍ലമെന്റ് അംഗം സഞ്ജയ് സിംഗിനുമെതിരെ ഗുജറാത്ത് കോടതിയിലുള്ള മാനനഷ്ട കേസ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നാലാഴ്ചത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ ഇടക്കാലാശ്വാസത്തിനായി സമര്‍പ്പിച്ച ഹരജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബഞ്ച് ഗുജറാത്ത് ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് സ്‌റ്റേ ഉത്തരവ്. എന്നാല്‍, വിചാരണ കോടതിയുടെ സ്ഥലംമാറ്റം സംബന്ധിച്ച ആവശ്യം കോടതി പരിഗണിച്ചില്ല. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ് വി, അഭിഭാഷകരായ വിവേക് ജെയിന്‍, കരണ്‍ ശര്‍മ എന്നിവര്‍ കെജ് രിവാളിനും സഞ്ജയ് സിംഗിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച് പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ ഗുജറാത്ത് സര്‍വ്വകലാശാലയാണ് കെജ്രിവാളിനും സഞ്ജയ് സിംഗിനുമെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഈ മാനനഷ്ടക്കേസില്‍ വിചാരണ നേരിടാന്‍ മജിസ്‌ട്രേറ്റ് ഇരുവരോടും ആവശ്യപ്പെട്ടിരുന്നു.