Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രിക്ക് സ്വർണത്തളിക ഒരുക്കി നടൻ സുരേഷ് ഗോപി; പരിശോധിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ

തൃശൂർ -  നാളെ ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് സ്വർണത്തളികയൊരുക്കി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. നടൻ പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്ന സ്വർണ തളിക പരിശോധിച്ച് ഉറപ്പുവരുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
 സ്വർണം കൊണ്ട് നിർമിച്ച ഈ തളികയുടെ തൂക്കം എത്രയാണെന്ന് സുരേഷ് ഗോപിയോ കുടുംബമോ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. മകളുടെ വിവാഹത്തോടനുബന്ധിച്ച് പ്രധാനമന്ത്രിക്ക് അമൂല്യമായൊരു സമ്മാനം നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അതാണ് പൂവണിയുന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. സ്വർണ കരവിരുതിൽ വിദഗ്ധനായ അനു അനന്തൻ ആണ് സ്വർണ തളിക നിർമിച്ചത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ബുധനാഴ്ച രാവിലെ 6.30-ഓടെയാണ് കൊച്ചിയിൽനിന്നും പ്രധാനമന്ത്രി ഗുരുവായൂരിലേക്ക് തിരിക്കുക. 
 രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ന് വൈകീട്ട് നെടുമ്പാശ്ശേരിയിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. കൊച്ചി ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ബുധനാഴ്ച നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് ഉച്ചയ്ക്ക് 12.30-ഓടെ കൊച്ചിയിൽ തിരിച്ചെത്തി മറ്റ് രണ്ട് പരിപാടികളിൽകൂടി പങ്കെടുത്ത ശേഷമാണ് ഡൽഹിക്കു മടങ്ങുക.
 സന്ദർശനത്തിൽ പ്രധാനമന്ത്രി 4,006 കോടി രൂപയുടെ മൂന്ന് സുപ്രധാന പദ്ധതികളാണ് രാജ്യത്തിന് സമർപ്പിക്കുക. കൊച്ചിൻ ഷിപ്പിയാർഡിലെ ഡ്രൈ ഡോക്, അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇറക്കുമതി ടെർമിനൽ എന്നിവയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുക. 

Latest News