സണ്ണി ലിയോണ്‍, ആന, മാന്‍; ദുരന്തമായി യുപിയിലെ പുതുക്കിയ വോട്ടര്‍പട്ടിക 

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലാ ഭരണകൂടത്തിന്റെ വോട്ടര്‍ പട്ടിക പുതുക്കല്‍ ദുരന്തമായി മാറി. മുന്‍ യുഎസ് നീലചിത്ര നായികയും ഇപ്പോള്‍ ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍, ആന, മാന്‍, പ്രാവ് എന്നിവരൊക്കെയാണ് പുതുക്കിയ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചവര്‍! ഇവരുടെ ചിത്രസഹിതമുള്ള വോട്ടര്‍ പട്ടിക ചോര്‍ന്നതോടെ ഉയര്‍ന്ന ചോദ്യ ശരങ്ങള്‍ക്കു മുമ്പില്‍ അധികൃതര്‍ ഉത്തരം മുട്ടി നില്‍ക്കുകയാണ്. പട്ടികയുടെ രണ്ടു പേജുകള്‍ മാത്രമാണ് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. ബാക്കിയുള്ളതു കൂടി പുറത്തു വന്നാല്‍ എന്താകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ബാക്കിയുള്ളവര്‍.

51-കാരിയായ ഒരു വനിതാ വോട്ടറുടെ പേരു വിവരങ്ങള്‍ക്കൊപ്പമാണ് സണ്ണി ലിയോണിന്റെ ചിത്രം അച്ചടിച്ചിരിക്കുന്നത്. 56കാരനായ പുരുഷ വോട്ടറുടെ പേരിനൊപ്പം ആനയും. പുതുക്കിയ വോട്ടര്‍ പട്ടിക ജില്ലാ ഭരണകൂടം സൂക്ഷ്മപരിശോധന നടത്തി വരികയാണ്. ഇത് പ്രസിദ്ധീകരിച്ചിട്ടില്ല. സൂക്ഷ്മ പരിശോധനാ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഒരു ഡാറ്റാ എന്‍ട്രി ഓപറേറ്ററാണ് ചിത്രം പ്രാദേശിക മാധ്യമങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്. ഈ ജിവനക്കാരനെ നഗര മേഖലയില്‍ നിന്നും ഗ്രാമീണ മേഖലയിലേക്ക് ഈയിടെ സ്ഥലം മാറ്റിയിരുന്നു. ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. വോട്ടര്‍പട്ടികയിലെ പിഴവ് ഉടന്‍ തിരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
 

Latest News