ഓരോ നാടിനുമുണ്ടാകും ആ നാടിന്റെ അല്ലെങ്കിൽ ഒരു തെരുവിന്റെ കാഴ്ചകളുടെയും, മനോഹാരിതകളുടെയും, രുചികൂട്ടുകളുടെയും കഥകൾ പറയാൻ. അത്തരത്തിലൊരു സമൃദ്ധമായ നാടിന്റെ സാംസ്‌കാരികതയും പൈതൃകവും ചരിത്രവും കാണിച്ചു തരുന്നൊരു ബീച്ച്. കോഴിക്കോടിന്റെ സ്വന്തം, കോഴിക്കാട്ടുകാർക്ക് ഏറ്റവും പ്രിയപ്പെട്ട കോഴിക്കോട് സൗത്ത് ബീച്ച്. കോഴിക്കോട് ബീച്ചിന്റെ ഓരോ മൺതരിക്കും ഓരോ തിരമാലകൾക്കും പറയാനുണ്ട് ആയിരമായിരം കഥകൾ.
 ചരിത്രവും പൈതൃകവും പുതച്ചു മൂടി കിടന്നുറങ്ങുന്ന ആ മണ്ണിന്റെ റംഗ് കൂട്ടാനായി ഉദിച്ചുയർന്ന മറ്റൊരു സാംസ്‌കാരിക മുന്നേറ്റമാണ് അവിടുത്തെ ഭക്ഷണപ്പെരുമ. അത് കൂടി ചേരുമ്പോൾ കോഴിക്കോടിന്റെ മധുരമൂറും ഹൽവയുടെ മനോഹാരിതയിലേക്ക് അൽപം കൂടി വിശാലത ചേരുന്നു. വർഷങ്ങളായി പൊലിമ കെടാതെ കോഴിക്കോട് ബീച്ച് മോടി കൂടിയും കൂട്ടിയും എന്നും തിളക്കമാർന്നു നിൽക്കുന്നു.
കാലം പഴകി വരുന്തോറും വീര്യം കൂടി വരുന്ന വീഞ്ഞ് പോലെ കോഴിക്കോട്ടുകാർക്ക് അവകാശപ്പെടാവുന്ന മറ്റൊരു സ്വകാര്യ അഹങ്കാരമാണ് സൗത്ത് ബീച്ചിന്റെ കിഴക്കേ ദിശയോട് ചേർന്നുറങ്ങുന്ന ഒരു പഴഞ്ചൻ തെരുവ്- കോതി തെരുവ്.
പഴഞ്ചൻ എന്ന് വിശേഷിപ്പിക്കുന്നത് മറ്റൊന്നും കൊണ്ടല്ല, ഒരുപാട് വർഷത്തിന്റെ ചരിത്രങ്ങൾ ഇനിയും ചുരുളഴിയപ്പെടേണ്ട ഒരു പ്രദേശം കൂടിയാണ് കോതി. കോതിയോട് ചേർന്ന് കിടക്കുന്ന മറ്റു ചെറിയ പ്രദേശങ്ങളാണ് മുഖദാർ, നൈനാംവളപ്പ്, പള്ളിക്കണ്ടി എന്നിവ. ഫുട്‌ബോൾ പ്രേമികളുടെ മാമാങ്കത്തിൽ കോഴിക്കോടിനെ എന്നും പ്രശസ്തിയിലേക്കുയർത്തുന്ന നൈനാംവളപ്പ്. വിശാലമായ ഗ്രൗണ്ടും കളിക്കാരും കളിയുടെ ആവേശവുമാണ് കോതി തിരമാലകളുടെയും ആവേശം. നിപ്പ അതിജീവനത്തിന്റെ ഘട്ടത്തിൽ നിപ്പയിൽ പൊലിഞ്ഞു പോയ ജീവനുകൾക്ക് അന്ത്യവിശ്രമം നൽകി മനസ്സാക്ഷി കാണിച്ച ഒരേയൊരു പ്രദേശമാണ് മുഖദാർ കണ്ണംപറമ്പ് ഖബർസ്ഥാനം. ഈ പ്രദേശങ്ങളെല്ലാം രണ്ട് കാൽപാദങ്ങളുടെ ദൂരം മാത്രമേയുള്ളൂ എന്നതാണ് വിചിത്രമായ മറ്റൊരു കൗതുകം. മതസൗഹാർദത്തിന്റെ കഥകൾ പറയുന്ന കണ്ണംപറമ്പിന്ന് കോതി തിരമാലകളോട് എന്നും അടങ്ങാനാവാത്ത നൊമ്പരത്തിന്റെ പ്രണയം തന്നെയാണ്. ചരിത്രത്താളുകളിൽ വളരെ കുറച്ചു മാത്രം രേഖപ്പെടുത്തിയിരിക്കുന്ന പ്രണയ കാവ്യങ്ങളാണ് ഈ പ്രദേശത്തിന് പങ്കുവെക്കാനുള്ളത്.
എന്നാൽ നൈനാംവളപ്പ്, മുഖദാർ, വാഴവളപ്പ് എന്നീ കൊച്ചു പ്രദേശങ്ങൾ ചേർന്ന കോതി തെരുവിന് ജന്മം നൽകിയത് അതിപ്രശസ്തമായ കോതി പാലമാണ്. വർഷങ്ങളോളം കോഴിക്കോടിന്റെ ഏറ്റവും തെക്ക്കിഴക്കേ അറ്റത്ത് അന്യംനിന്നു പോയിരുന്ന തീരപ്രദേശമായിരുന്നു ഈ പ്രദേശം. കോതിയുടെ മറുവശങ്ങൾ പയ്യാനക്കൽ, ചക്കുംകടവ്, കപ്പക്കൽ എന്നീ തീരദേശങ്ങളിൽ ഒരുപാട് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെയെല്ലാം പ്രധാന ഉപജീവനമാർഗം മത്സ്യബന്ധനമായിരുന്നു.
1996 ൽ വലിയ രണ്ടു പ്രദേശങ്ങളായ കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് എന്നിവയെ ഒരുമിപ്പിക്കുന്ന പാലത്തിന്റെ നിർമിതി ആരംഭിച്ചു. എന്നാൽ ചില സാങ്കേതിക പ്രശ്‌നങ്ങളാൽ 19 വർഷം നീണ്ട കാത്തിരിപ്പിന്റെയും അതിജീവനത്തിന്റെയും സമരത്തിന്റെയും ഫലമെന്നവണ്ണം 2015 മെയ് 26 ന് പുതിയ പാലം നാട്ടുകാർക്ക് വേണ്ടി തുറന്നു. അതോടു കൂടി കോതി പാലം വഴി പുതിയ സാംസ്‌കാരിക കൈമാറ്റങ്ങളും കടന്നു വന്നു. കോഴിക്കോട് ടൗൺ, നടുവട്ടം, ബേപ്പൂർ, ചെറുവണ്ണൂർ, രാമനാട്ടുകര തുടങ്ങി മലപ്പുറം, തൃശൂർ തുടങ്ങിയ കിഴക്കൻ പ്രദേശങ്ങളുമായി എളുപ്പത്തിൽ ബന്ധപ്പെടുത്താൻ സാധിച്ചു.
ഈയടുത്ത കാലത്തായി രൂപപ്പെട്ട പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി കോതി പാലം അല്ലെങ്കിൽ കോതി ബീച്ച് മാറിക്കഴിഞ്ഞു. അതിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കോഴിക്കോടിന്റെ ഭക്ഷ്യ സംസ്‌കാര കൈമാറ്റം. 
അടുത്ത കാലത്തായി കോഴിക്കോട് കോർപറേഷൻ ആവശ്യമായ മോഡിഫിക്കേഷൻ പ്രവർത്തനങ്ങൾ നടത്തിയതോടുകൂടി കാഴ്ചക്കാരുടെ തിരക്കും ദിനംപ്രതി വർധിച്ചു. പ്രഭാത കാഴ്ചക്കാരും ഇവിടെ കുറവല്ല. സൂര്യൻ കടലിനെ മുത്തമിടുമ്പോഴേക്കും കോതി ജോഗിങ് തെരുവ് സജീവമാകും.
കൊറോണയുടെ പരിണതഫലം ഉയർന്നു വന്ന യൂട്യൂബർമാരും മറ്റു സോഷ്യൽ മീഡിയ അവതാരകന്മാരും രൂപപ്പെടുത്തിയെടുത്ത കോഴിക്കോടിന്റെ ഭക്ഷണപ്പെരുമയും കോഴിക്കോട് ബീച്ചിന്റെ വർണശബളമായ കാഴ്ചകളും പുറംലോകം അറിഞ്ഞു തുടങ്ങിയതായിരുന്നു പ്രദേശത്തുകാർക്ക് വലിയ അനുഗ്രഹം.
ചെറിയ വീടുകളാൽ പൊതിയപ്പെട്ട കോതി ബീച്ചിന്റെ വശങ്ങളിൽ പുതിയ സംരംഭകരും സ്ഥാപനങ്ങളും ചെറിയ കാലയളവിൽ കൂണുപോലെ മുളച്ചു പൊന്തി. തീരത്തോട് ചേർന്നു നിൽക്കുന്ന മിക്ക വീടുകളുടെയും കവാടങ്ങളിൽ ഭക്ഷണകടകൾ തുടങ്ങി. 
പുതിയൊരു തെരുവിന്റെ വാതായനം വളരെ ചെറിയ കാലം കൊണ്ടു തന്നെ വിശാലമായി തുറക്കപ്പെടുകയായിരുന്നു. കോതി ബീച്ചിലെ ഞായറാഴ്ചകളിൽ സന്ധ്യ ആകുമ്പോഴേക്കും റോഡും പാലവും പൂർണമായും തിങ്ങി നിറയുകയും  നിലാവിൽ അലക്ഷ്യമായി പാറിപ്പറന്ന് വരുന്ന കുളിർ കാറ്റിന്റെ ഈണത്തിൽ ചൂട് കല്ലുമാക്കായ നിറച്ചത്, സമ്മൂസ, ചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, കട്‌ലറ്റ് തുടങ്ങിയ കോഴിക്കോടൻ പലഹാര വിഭവങ്ങൾക്കും പുറമേ, പുതിയ തരത്തിലുള്ള ചിക്കൻ, മട്ടൻ, ബീഫ്, മന്തി ഐറ്റംസ്, പളുങ്ക് കുപ്പികളിൽ തിളങ്ങുന്ന സുർക്ക വിഭവങ്ങൾ, പുട്ടയ്‌സ്‌ക്രീമടക്കം എണ്ണമറ്റ ഐസ്‌ക്രീം സോഡ മെനുകൾ അങ്ങനെ ലോകത്ത് ഉള്ളതും ഇല്ലാത്തതുമായ എന്തൊക്കെയോ ഇവിടെ സുലഭമാണ്.
മറ്റു ദിവസങ്ങളിലും സാധാരണ തിരക്കുകൾ അനുഭവപ്പെടാറുണ്ടെങ്കിലും ഞായറാഴ്ചയിലെ തിരക്ക് വല്ലാത്ത കൗതുകം തന്നെയാണ്. റോഡിന്റെ നടുഭാഗത്ത് പോലും ആളുകൾ കുശലം പറഞ്ഞുനിൽക്കും. പായസം, കാവ, കോൺ വിഭവ വണ്ടികൾ തലങ്ങും വിലങ്ങും ഓടുന്നതും നോക്കി അവിടെ ഇരുന്നാൽ സമയം പോകുന്നത് അറിയാറിയില്ല.
ഭക്ഷണ വിഭവങ്ങൾ മാത്രമല്ല, പാലം കടക്കുന്നതോടെ കടലിന്റെ ഉള്ളറ പോലെ ഇത്രയും മത്സ്യസമ്പത്ത് മറ്റൊരു മാർക്കറ്റിലും ഒരു പക്ഷേ കിട്ടില്ല. പഴങ്ങൾ, പച്ചക്കറികൾ തുടങ്ങി ഒരു വീട്ടിലേക്ക്  ആവശ്യമായ ഓരോ സാധനങ്ങളും ദിനംപ്രതി പുതിയ പുതിയ കച്ചവടക്കാർ സ്ഥാനം പിടിച്ചു വരുന്നു. ചുരുക്കിപ്പറഞ്ഞാൽ ചെറിയ കാലയളവ് കൊണ്ട് പെട്ടെന്ന് തന്നെ കുതിച്ചുയർന്നു വന്ന ഒരു അമൂല്യ തീരപ്രദേശം. എന്നാൽ ഏറ്റവും തമാശ എന്ന് തോന്നിയത് സാധാരണ തിരക്കേറിയ കോഴിക്കോടിന്റെ മറ്റൊരു ഭാഗം എന്നുവെച്ചാൽ ടൗൺ റോഡ് ഞായറാഴ്ചകളിൽ ഗതാഗത മുക്തമായിരിക്കുമെന്നതാണ്.
 







 
  
 