മോഡിയുടെ പൊളിറ്റിക്കല്‍ റോഡ് ഷോ കൊച്ചിയെ ഇന്ന് നിശ്ചലമാക്കും

കൊച്ചി- പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് മുന്നോടിയായി സുരക്ഷാ വലയത്തിലായി കൊച്ചി മെട്രോ നഗരം. ഇന്ന് വൈകീട്ട് കൊച്ചി നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡിലൂടെ മോഡി നടത്താന്‍ പോകുന്ന റോഡ് ഷോയ്ക്ക് മുന്നോടിയായി എസ് പി ജിയും കേരള പോലീസും ബോംബ് സ്‌ക്വാഡുകളും രഹസ്യാന്വേഷണ ഏജന്‍സികളും നഗരത്തിലാകെ അരിച്ചു പെറുക്കിയുള്ള പരിശോധനകളിലാണ്. ആഴ്ചകളുടെ ഇടവേളയില്‍ കൊച്ചി നഗരത്തില്‍ പൊളിറ്റിക്കല്‍ ഷോ നടത്താന്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ സുരക്ഷാകുരുക്കിലകപ്പെടാതെ എത്രയും പെട്ടെന്ന് വീടണയാനുള്ള പരക്കം പാച്ചിലിലാണ് നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ജനം. 
വൈകുന്നേരമാകുന്നതോടെ നാലുവശത്തു നിന്നും ചെറുവാഹനങ്ങള്‍ പോലും കടത്തിവിടാതെ നഗരം ബ്ലോക്ക് ചെയ്തുകൊണ്ടുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. വടക്ക് ഭാഗത്ത് ഹൈക്കോടതി മുതല്‍ കലൂര്‍ വരെയും തെക്ക് തേവര വരെയും കിഴക്ക് സൗത്ത് - നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനുകള്‍ക്കിടയിലും സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടായിരിക്കും പ്രധാനമന്ത്രിക്ക് നഗരത്തിനുള്ളില്‍ റോഡ് ഷോ നടത്താനായി വിജനവീഥി ഒരുക്കുന്നത്. 
വൈകീട്ട് വൈകിട്ട് 5ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ശേഷം ഹെലികോപ്ടര്‍ മാര്‍ഗം വില്ലിംഗ്ടന്‍ ഐലന്റിലെ ദക്ഷിണ നാവികാസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് നേരെ റോഡ് മാര്‍ഗം തേവര വഴി എം ജി റോഡില്‍ മഹാരാജാസ് ഗ്രൗണ്ടിന് സമീപം കെ പി സി സി ജംഗ്ഷനിലെത്തിച്ചേരും. അവിടെ നിന്ന് തുറന്ന വാഹനത്തില്‍ അദ്ദേഹം റോഡ് ഷോ ആരംഭിക്കും. ജനറല്‍ ഹോസ്പിറ്റല്‍ റോഡിലൂടെ സുഭാഷ് പാര്‍ക്കിന് മുന്നിലെ പാര്‍ക്ക് അവന്യു ജംഗ്ഷനിലെത്തി അവിടെ നിന്ന് കോര്‍പറേഷന്‍ ഓഫീസിന്  മുന്നിലൂടെ ഗസ്റ്റ് ഹൗസ് വരെയാണ് റോഡ് ഷോ നടക്കുക. മഹാരാജാസ് കോളേജ്, ലോ കോളേജ്, സെന്റ് തെരേസാസ് കോളേജ് എന്നീ കലാലയങ്ങള്‍ക്ക് മുന്നിലൂടെയായിരിക്കും മോദിയുടെ യാത്ര. ഗസ്റ്റ്ഹൗസ് വരെ 1.3 കിലോ മീറ്ററാണ് മോദി തുറന്ന വാഹനത്തില്‍ റോഡ്ഷോ നടത്തുക. അര ലക്ഷം ബി ജെ പി പ്രവര്‍ത്തകര്‍ റോഡ്ഷോയില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത്രയധികം പേര്‍ റോഡിനിരുവശവും മനുഷ്യമതില്‍ പോലെ അണിനിരക്കുന്നതോടെ പുറത്തു നിന്നാര്‍ക്കും റോഡ് ഷോയിലേക്ക് എത്തിനോക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ റോഡുകള്‍ തിങ്ങിനിറയും. 
കൊച്ചി പോലൊരു നഗരം നല്‍കുന്ന സുരക്ഷിതത്വത്തില്‍ വാഹനം ഉപേക്ഷിച്ച് മോദി റോഡിലൂടെ ഇറങ്ങി നടക്കാനുള്ള സാധ്യതയും സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നില്‍ കാണുന്നുണ്ട്. ഇതിന് മുമ്പ് യുവം പരിപാടിക്കായി കൊച്ചിയില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി വാഹനം ഉപേക്ഷിച്ച് തേവര മുതല്‍ റോഡിലൂടെ ആവേശഭരിതനായി നടക്കുകയാണുണ്ടായത്. ഇതിനു മുമ്പ് കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തും തൃശൂരിലും മോദി റോഡ്‌ഷോ നടത്തിയിരുന്നു. തിരുവനന്തപുരവും തൃശൂരും ബി ജെ പിക്ക് സ്വാധീനമുള്ള ലോക്‌സഭാ മണ്ഡലമാണെങ്കില്‍ എറണാകുളത്ത് ബി ജെ പിക്ക് ചില പോക്കറ്റുകളില്‍ മാത്രമാണ് സ്വാധീനമുള്ളത്. എന്നിട്ടും ഇവിടെ രണ്ടാം തവണയും മോദി റോഡ് ഷോ നടത്തുന്നത് കേരളത്തിലാകെ ഒരു ബി ജെ പി അനുകൂല അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് വിലയിരുത്തപ്പെടുന്നു.
റോഡ് ഷോ ആയി എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തി അവിടെ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ചൊവ്വാഴ്ച രാവിലെ ഗുരൂവായൂരിലെത്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും. തൃപ്രയാര്‍ ക്ഷേത്രവും സന്ദര്‍ശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയില്‍ തിരിച്ചെത്തും.  വില്ലിങ്ടണ്‍ ഐലന്‍ഡില്‍ കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ അന്താരാഷ്ട്ര കപ്പല്‍ റിപ്പയറിങ് കേന്ദ്രം, പുതിയ ഡ്രൈഡോക്ക് എന്നിവ രാജ്യത്തിനു സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി അതിന് ശേഷം എറണാകുളം മറൈന്‍ ഡ്രൈവില്‍ ബിജെപി ശക്തികേന്ദ്ര ഇന്‍ ചാര്‍ജുമാരുടെ യോഗത്തെ അഭിസംബോധന ചെയ്യും.

Latest News