സി.പി.എം ഭരിക്കുന്ന കോഴിക്കോട്ട് റോഡ് പൊട്ടിപ്പൊളിഞ്ഞു,  സി.ഐ.ടിയു സമരം കല്യാണ മണ്ഡപത്തിന് മുമ്പില്‍ 

കല്യാണ മണ്ഡപത്തിന് മുമ്പിലെ സി.ഐ.ടിയു ധര്‍ണയുടെ പ്രചരണാര്‍ഥം പതിച്ച പോസ്റ്ററുകള്‍. 

കല്ലായി- കോഴിക്കോട്ടെ ജനനിബിഡ കേന്ദ്രങ്ങളിലേക്കുള്ള കോര്‍പറേഷന്‍ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് രണ്ടു വര്‍ഷത്തോളമായി. ഇന്ത്യന്‍ പാര്‍ലമെന്റിലെ ആദ്യ പ്രതിപക്ഷ നേതാവും പാവങ്ങളുടെ പടത്തലവനുമായ എ.കെ ഗോപാലന്റെ നാമധേയത്തിലൊരു മേല്‍പാലം കോഴിക്കോട് നഗരത്തിലുണ്ട്. പുഷ്പ ജംഗ്ഷനില്‍ നിന്ന് എ.കെ.ജി ഓവര്‍ ബ്രിഡ്ജ് ഇറങ്ങി വലത്തോട്ട് തിരിഞ്ഞാലെത്തുന്ന മണന്തലപാലം -കുണ്ടുങ്ങല്‍ റോഡാണ് ഗതാഗത യോഗ്യമല്ലാതായത്. രണ്ടു മഴക്കാലം കഴിഞ്ഞിട്ടും കോര്‍പറേഷന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഇതിന്റെ ദുരിതം ഏറ്റവുമനുഭവിക്കുന്നത് പാവം ഓട്ടോ ഡ്രൈവര്‍മാരും നിത്യയാത്രക്കാരും രോഗികളും. ഓട്ടോ ഡ്രൈവര്‍മാരില്‍ ഏറെയും സി.ഐ.ടി.യു യൂനിയന്റെ ആളുകളും. നഗര ജനസംഖ്യയില്‍ മുപ്പത് ശതമാനം അധിവസിക്കുന്ന മേഖലയിലേക്കുള്ള  പ്രവേശന കവാടമാണ് എ.കെജി മേല്‍പാലം ഗ്രാന്റ് ഓഡിറ്റോറിയം ഭാഗത്തെ ജംഗ്ഷന്‍. കഴിഞ്ഞ നാല് ദശകങ്ങളായി സി.പി.എം തുടര്‍ച്ചയായി ഭരിക്കുന്ന നഗരസഭയാണ് കോഴിക്കോട്. കേരളമാണെങ്കില്‍ ഏഴ് വര്‍ഷത്തിലേറെയായി സി.പി.എമ്മും. പൊതുമരാമത്തു മന്ത്രി സഖാവ് റിയാസിന്റെ മണ്ഡലം തൊട്ടടുത്ത ബേപ്പൂരും. കോഴിക്കോട് സൗത്തില്‍ പെടുന്ന ഈ പ്രദേശത്തിന്റെ ജനപ്രതിനിധിയും ഇടതുപക്ഷ മന്ത്രിയായിരുന്നു രണ്ടാഴ്ച മുമ്പ് വരെ. റോഡ് ഏറ്റവും മോശമായ അവസ്ഥയിലുള്ള കുണ്ടുങ്ങല്‍ പ്രദേശത്തെ കൗണ്‍സിലര്‍ എല്‍.ഡി.എഫിലെ വനിതയുമാണ്. ഈ സാഹചര്യത്തില്‍ പെട്ടത് സി.പി.എമ്മാണ്. പൗരത്വ ബില്‍, ഫലസ്തീന്‍ എന്നൊക്കെ പറഞ്ഞ് ന്യൂനപക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് വരുന്നത്. അന്താരാഷ്ട്ര വിഷയങ്ങളേക്കാള്‍ നാട്ടുകാരെ സ്വാധീനിക്കുക അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തീരെ ഗതാഗത യോഗ്യമല്ലാതായ റോഡിന്റെ കാര്യമാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞു. പക്ഷേ, ആര്‍ക്കെതിരെ സമരം ചെയ്യും? കേന്ദ്ര അവഗണനയാണെങ്കില്‍ റെയില്‍വേ സ്റ്റേഷനിലോ ആദായ നികുതി ഓഫീസിന് മുമ്പിലോ സമരം ചെയ്യാമായിരുന്നു. അതിന് നിവൃത്തിയില്ല. ഇതും കേന്ദ്രവുമായി ഒരു ബന്ധവുമില്ല. പിന്നെ ചെയ്യാനുള്ളത് കലക്ടറേറ്റിലോ, കോര്‍പറേഷന്‍ ഓഫീസിന് മുമ്പിലോ ആണ്. സ്വന്തം പാര്‍ട്ടി ഭരിക്കുമ്പോള്‍ അതെങ്ങിനെ? എന്നു വെച്ച് ആയിരക്കണക്കിന് വോട്ടര്‍മാരുള്ള പ്രദേശമല്ലേ. അങ്ങിനെയാണ് വ്യാഴാഴ്ച എ.കെജി മേല്‍പാലത്തിന് തൊട്ടുള്ള ഗ്രാന്റ് കല്യാണ മണ്ഡപത്തിന് മുമ്പില്‍ സി.ഐ.ടി.യു ധര്‍ണ നടത്താന്‍ ധാരണയായത്. പാര്‍ട്ടി വിഷയത്തിലിടപെടുന്നുണ്ടെന്ന് ജനം മനസിലാക്കട്ടെ, എങ്ങിനെയുണ്ട് ഐഡിയ?  ഗ്രാന്‍ഡ് ഓഡിറ്റോറിയമെന്ന കല്യാണ ഹാളിന് മുമ്പില്‍ സമരം ചെയ്യുന്നതിലെ അനൗചിത്യത്തെ കുറിച്ച് തിരക്കിയപ്പോള്‍ ഇടതു അനുഭാവിയായ ഒരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞത് പ്രദേശത്തെ ആളുകളെ പ്രശ്‌നത്തെ കുറിച്ച് ബോധവല്‍ക്കരിക്കാനാണിതെന്നാണ്.


 

Latest News