പൈലറ്റിനെ ആക്രമിച്ച സംഭവത്തില്‍ മുന്നറിയിപ്പുമായി ജോതിരാദിത്യ സിന്ധ്യ

ന്യൂദല്‍ഹി- ഡല്‍ഹി- ഗോവ ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മുന്നറിയിപ്പ്. നിയമ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് ഇത്തരക്കാരെ കൈകാര്യം ചെയ്യുമെന്ന് സിന്ധ്യ അറിയിച്ചു. 

മൂടല്‍മഞ്ഞ് കനത്തതോടെ് ദല്‍ഹി- ഗോവ ഇന്‍ഡിഗോ 6ഇ2175 വിമാനം വൈകുമെന്ന അറിയിപ്പ് നല്‍കവെയാണ് പൈലറ്റിനു നേരെ യാത്രക്കാരന്‍ ആക്രമണം നടത്തിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് മന്ത്രി രംഗത്തെത്തിയത്. 

മര്‍ദ്ദനമേറ്റ ഇന്‍ഡിഗോ പൈലറ്റ് അനൂപ് കുമാര്‍ പരാതി നല്‍കിയതോടെ യാത്രക്കാരനായ സഹില്‍ കതാരിയയെ ദല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിമാനം വൈകുമെന്ന് അറിയിക്കുന്നതിന് പിന്നാലെ യാത്രക്കാരില്‍ ഒരാള്‍ പൈലറ്റിന്റെ അടുത്തേക്ക് ഓടിച്ചെന്ന് മുഖത്ത് അടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 

വിമാനത്തില്‍ മോശമായി പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ നിലവിലുണ്ട്.  വിമാനക്കമ്പനിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന യാത്രക്കാരനെ അന്വേഷണത്തിന് ശേഷം നോ ഫ്‌ളൈ പട്ടികയില്‍ ഉള്‍പ്പെടുത്തും.  

അതിനിടെ ഇന്‍ഡിഗോ വിമാനങ്ങള്‍ അകാരണമായി വൈകുകയും റദ്ദാക്കുകയും മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നു എന്ന പരാതിയുമായും യാത്രക്കാര്‍ രംഗത്തെത്തി.

Latest News