ഹാജിമാരുടെ സുരക്ഷക്ക് ഇക്കുറി മിസൈല്‍ കവചമൊരുക്കി

മക്കയില്‍ സ്ഥാപിച്ച പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനം.

മക്ക - ഹജ് കര്‍മത്തിനിടെ മക്കയിലും പുണ്യസ്ഥലങ്ങളിലും ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് മിസൈല്‍ കവചമൊരുക്കിയിരുന്നുവെന്ന് വെളിപ്പെടുത്തില്‍.
ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് മക്കക്കും പുണ്യസ്ഥലങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് സൗദി അറേബ്യ മിസൈല്‍ പ്രതിരോധ സംവിധാനം ഏര്‍പെടുത്തിയത്. മക്കയില്‍ ആദ്യമായാണ് സൗദി അറേബ്യ മിസൈല്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ക്കുന്നതിന് പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഒരുക്കിയിരുന്നത്. മക്കയില്‍ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചെന്ന വാര്‍ത്തകള്‍ വെളളിയാഴ്ചായാണ് ആദ്യമായി പുറത്തറിഞ്ഞത്.
ഹജ് ദിവസങ്ങളില്‍ ദക്ഷിണ സൗദി അറേബ്യ ലക്ഷ്യമിട്ട് പലതവണ ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടിരുന്നു. നേരത്തെ മക്കയും തായിഫും യാമ്പുവും റിയാദും ഹൂത്തികള്‍ ലക്ഷ്യമിട്ടിരുന്നു. മിസൈലുകള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി സൗദി സൈന്യം തകര്‍ക്കുകയായിരുന്നു.
അമേരിക്കന്‍ നിര്‍മിത പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനമാണ് സൗദി സൈന്യം ഉപയോഗിക്കുന്നത്. പ്രശസ്ത അമേരിക്കന്‍ കമ്പനിയായ റെയ്ഥിയോന്‍ ആണ് പാട്രിയറ്റ് മിസൈല്‍ നിര്‍മാതാക്കള്‍. ബാലിസ്റ്റിക് മിസൈല്‍ ആക്രണങ്ങള്‍ ചെറുക്കുന്നതിനുള്ള ഏറ്റവും നവീനമായ പ്രതിരോധ സംവിധാനമായതിനാല്‍ തങ്ങളുടെ വ്യോമമേഖല സംരക്ഷിക്കുന്നതിന് പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തെ സൗദി അറേബ്യ വലിയ തോതില്‍ ആശ്രയിക്കുന്നു.
ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് മക്കക്കു നേരെ ആക്രമണങ്ങള്‍ നടത്തുന്നതിന് ഹൂത്തികള്‍ നേരത്തെ ശ്രമിച്ച പശ്ചാത്തലത്തിലാണ് എല്ലാ സാധ്യതകളും മുന്‍നിര്‍ത്തി മക്കക്കു ചുറ്റും മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചത്. അഞ്ചു മീറ്റര്‍ നീളവും 312 കിലോ ഭാരവുമുള്ള പാട്രിയറ്റ് മിസൈലില്‍ 73 കിലോ സ്‌ഫോടക വസ്തുക്കളുണ്ടാകും. മിസൈല്‍ ലോഞ്ചിംഗ് പ്ലാറ്റ്‌ഫോമില്‍ അത്യാധുനിക റഡാറുമുണ്ട്. 100 കിലോമീറ്റര്‍ ദൂരെ വെച്ച് മിസൈലുകള്‍ കണ്ടെത്തുന്നതിന് ഈ റഡാറുകള്‍ക്ക് സാധിക്കും. മിസൈലിന്റെ വേഗം, സഞ്ചാരപഥം എന്നിവയെല്ലാം റഡാറിന് നിര്‍ണയിക്കാന്‍ കഴിയും. ഒരേ സമയം നൂറു മിസൈലുകളുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നതിനും ഒമ്പതു പാട്രിയറ്റ് മിസൈലുകളുടെ സഞ്ചാരപഥങ്ങള്‍ നിയന്ത്രിക്കുന്നതിനും പാട്രിയറ്റ് സംവിധാനത്തിന് കഴിയും.
രണ്ടു വര്‍ഷത്തിനിടെ ഹൂത്തികള്‍ മക്കക്കു നേരെ രണ്ടു തവണ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നു. 2016 ഒക്‌ടോബര്‍ അവസാനത്തിലും 2017 ജൂലൈ അവസാനത്തിലുമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പായിരുന്നു രണ്ടാമത്തെ മിസൈല്‍ ആക്രമണ ശ്രമം. ഈ രണ്ടു മിസൈലുകളും സൗദി സൈന്യം തകര്‍ക്കുകയായിരുന്നു.


 

 

Latest News