Sorry, you need to enable JavaScript to visit this website.

കാപ്പി വിളവെടുപ്പ്: കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു

ഏഷ്യൻ രാജ്യങ്ങളിൽ റബർ ഉൽപാദനം ചുരുങ്ങുമെന്ന് വ്യക്തമായതോടെ ടയർ വ്യവസായികൾ ഷീറ്റ് വില ഉയർത്തി. പ്രതികൂല കാലാവസ്ഥ കാപ്പി വിളവെടുപ്പിനെ ബാധിച്ചു. അടിമാലിയിൽ നിന്നുള്ള പുതിയ കുരുമുളകിന് ആവശ്യക്കാർ. രാജ്യാന്തര സ്വർണ വില ഉയർന്നു. 
തായ്‌ലണ്ടിലെ മഴ കനത്തതോടെ റബർ ടാപ്പിങിൽ നിന്നും കർഷകർ പിൻതിരിഞ്ഞു. ഇത് ഷീറ്റ് ക്ഷാമത്തിനും അവരുടെ കയറ്റുമതികളെയും ചെറിയ അളവിൽ ബാധിക്കും. ആഗോള റബർ ഉൽപാദനത്തിലും കയറ്റുമതിയിലും മുൻപന്തിയിലാണ് തായ്‌ലണ്ട്. ചുരുങ്ങിയ ദിവസങ്ങളിൽ അവിടെ വില 149 ൽ നിന്നും 155 ലേയ്ക്ക് കയറിയത് കയറ്റുമതിക്കാരെ ചരക്ക് സംഭരണത്തിൽ നിന്നും പിൻതിരിപ്പിച്ചു. ചിലർ ജനുവരി ഷിപ്പ്‌മെൻറ്റ് കാലാവധി നീട്ടാനുള്ള ശ്രമത്തിലാണ്. 
ഇത് ഏഷ്യൻ റബർ അവധിയിൽ ഊഹക്കച്ചവടക്കാരെയും സമ്മർദ്ദത്തിലാക്കി. ഓപ്പറേറ്റർമാർ ഷോട്ട് കവറിങിന് നീക്കം തുടങ്ങിയത് ജപ്പാൻ, സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളിൽ നിരക്ക് ഉയർത്താം. ഇതിനിടയിൽ ക്രൂഡ് ഓയിൽ വില ബാരലിന് രണ്ട് ഡോളർ ഉയർന്നത് കൃത്രിമ റബർ വിലയിൽ പ്രതിഫലിക്കും.  
കനത്ത പകൽ ചൂടും അനവസരത്തിലെ മഴയും കേരളത്തിലെ റബർ തോട്ടങ്ങളിൽ ഇലപൊഴിച്ചിൽ വ്യാപകമാക്കി. സ്ഥിതി അനുകൂലമല്ലെന്ന് കണ്ട് പലരും വെട്ട് കുറച്ചു, മരങ്ങളിൽ നിന്നുള്ള യീൽഡ് ചുരുങ്ങിയത് ടാപ്പിങ് ദിനങ്ങൾ കുറക്കാൻ നിർബന്ധിതരാക്കും. കേരളത്തിൽ അന്തരീക്ഷ താപനിലയിലെ മാറ്റങ്ങളെ മറികടക്കാനായില്ലെങ്കിൽ കൃഷിയുമായി അധികനാൾ നമുക്ക് പിടിച്ചു നിൽക്കാനാവില്ല. ഇതിനിടയിൽ തുലാവർഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് പിൻവലിയും.   
ടയർ നിർമ്മാതാക്കൾ നാലാം ഗ്രേഡ് 15,550 രൂപയിൽ നിന്നും 15,800 ലേയ്ക്ക് ഉയർത്തിയെങ്കിലും കാര്യമായി ചരക്ക് സംഭരിക്കാനായില്ല. ഉൽപാദകരും സ്റ്റോക്കിസ്റ്റുകളും ഷീറ്റ് നീക്കം നിയന്ത്രിക്കുന്നതിനാൽ 16,400 ലെ ആദ്യ പ്രതിരോധം മികടക്കാനുള്ള കരുത്ത് വിപണി കൈവരിക്കാം. 
അനവസരത്തിലെ അപ്രതീക്ഷിത മഴ കാപ്പി കർഷകരെ പ്രതിസന്ധിലാക്കി. വയനാട്, പാലക്കാട് മേഖലകളിലെ കാപ്പി തോട്ടങ്ങളിൽ വിളവെടുപ്പ് വേളയിൽ മഴ മേഘങ്ങളുടെ കടന്ന് വരവ് സ്ഥിതി സങ്കീർണമാക്കി. മൂത്ത് വിളഞ്ഞ കാപ്പി കുരു അടർന്ന് വീണത് സാമ്പത്തിക നഷ്ടം വരുത്തി. ചില പ്രദേശങ്ങളിൽ വിളവെടുത്ത കാപ്പി കുരുക്കൾ ഉണക്കാൻ ഇട്ട അവസരത്തിലെ കനത്ത മഴയിൽ ഉൽപന്നം കുത്തി ഒലിച്ചുപോയതും ഉൽപാദകർക്ക് തിരിച്ചടിയായി. 
ആഗോള കാപ്പി വില ഉയർന്നത് നേട്ടമാക്കാനാവുമെന്ന പ്രതീക്ഷയ്ക്കിടയിലെ പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമത്തിലാണ് കാർഷിക മേഖല. വയനാടൻ വിപണിയിൽ ഉണ്ടകാപ്പി വാരാന്ത്യം 7800 ലേയ്ക്കും കാപ്പി പരിപ്പ് 25,500 രൂപയായും ഉയർന്നു. 
അടിമാലിയിൽനിന്നുള്ള മൂപ്പ് കൂടിയ കുരുമുളക് കർഷകർ വിൽപ്പനയ്ക്ക് സജ്ജമാക്കുന്നു. മാസാവസാനതോടെ പുതിയ ചരക്ക് അവർ കൂടുതലായി ഇറക്കാനാവുമെന്നാണ് ചെറുകിട വ്യാപാരികളുടെ വിലയിരുത്തൽ. വില ഉയർന്നതിനാൽ തിരക്കിട്ടുള്ള വിൽപ്പന നടത്തില്ലെന്നാണ് വൻകിട കർഷകരുടെ നിലപാട്. വിളവെടുപ്പ് പൂർത്തിയായാൽ നിരക്ക്  ഇനിയും മുന്നേറുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകൾ. 
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 7450 ഡോളർ. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 61,000 രൂപ. 
കൊപ്ര വില ഈ വർഷം ഇതാദ്യമായി ഉയർന്നത് ഗ്രാമീണ മേഖലയെ വിളവെടുപ്പ് ഊർജിതമാക്കാൻ പ്രേരിപ്പിക്കും. നവംബർ മദ്ധ്യത്തിന് ശേഷം ആദ്യമായി നൂറ് രൂപയുടെ മികവിൽ കൊപ്ര 8900 ലേയ്ക്ക് ഉയർന്നു. മകര വിളക്ക് കഴിയുന്നതോടെ ശബരിമല കൊപ്ര സന്നിധാനത്ത് നിന്നും മല ഇറങ്ങി തുടങ്ങും. 
പച്ചതേങ്ങ വിൽപ്പനയ്ക്ക് ഇറക്കുന്നതിലുപരി കൊപ്രയാക്കി മാറ്റാനാണ് ഒരു വിഭാഗം കർഷകർ ഉത്സാഹിക്കുന്നു. എന്നാൽ പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ വിൽപ്പന ഇനിയും ചൂടുപിടിച്ചിട്ടില്ല. കൊച്ചിയിൽ എണ്ണ ക്വിൻറ്റലിന് 14,000 രൂപയിലാണ്. പാം ഓയിൽ 8250 ലേയ്ക്ക് താഴ്ന്നത്  വെളിച്ചെണ്ണയിൽ സമ്മർദ്ദമുളവാക്കാം. 
ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വില പവന് 46,400 ൽ നിന്നും 46,080 വരെ താഴ്ന്ന ശേഷം വാരാന്ത്യം പഴയ നിലവാരമായ 46,400 രൂപയിലാണ്.

Latest News