Sorry, you need to enable JavaScript to visit this website.

കോർപ്പറേറ്റ് മേഖലയിൽ പുതിയ തിളക്കം

ഇന്ത്യൻ ഓഹരി വിപണി ഒരിക്കൽ കൂടി റെക്കോർഡ് പ്രകടനം കാഴ്ച വെച്ച് ഈ വർഷം ആദ്യമായി പ്രതിവാര നേട്ടം സ്വന്തമാക്കിയത് മുൻ നിര രണ്ടാം നിര ഓഹരികളെ ശ്രദ്ധേയമാക്കി. കോർപ്പറേറ്റ് മേഖലയിൽ നിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾക്ക് തിളക്കം വർധിക്കുമെന്ന സൂചനകൾ ഓഹരികളിലെ വാങ്ങൽ താൽപര്യം ഉയർത്തി. ബോംബെ സെൻസെക്‌സ് 542 പോയിറ്റും നിഫ്റ്റി 183 പോയിൻറ്റും കഴിഞ്ഞവാരം ഉയർന്നു. 
ഐ റ്റി കമ്പനികളിൽ നിന്നും പുറത്തുവന്ന മികച്ച പ്രവർത്തന ഫലങ്ങളുടെ ചുവടു പിടിച്ച് മറ്റ് കമ്പനികളും മികവ് കാണിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. എച്ച് ഡി എഫ് സി ബാങ്ക്, എച്ച് യു എൽ, ഏഷ്യൻ പെയിൻറ്റ്, ഇൻഡസ് ഇൻഡ് ബാങ്ക്, അൾട്രാടെക് സിമൻറ് തുടങ്ങിയ കന്പനികളിൽ നിന്നുള്ള ത്രൈമാസ റിപ്പോർട്ട് ഈ വാരം പുറത്ത് വരും. തിളക്കമാർന്ന റിപ്പോർട്ടാണ് ഇൻഫോസീസ് ടെക്‌നോളജി, വിപ്രോ, റ്റി സി എസ് എന്നിവയിൽ നിന്നും പുറത്തുവന്നത്. 
അനുകൂല വാർത്തകൾ എച്ച് സി എൽ ടെക് ഓഹരി വില 8.41 ശതമാനം ഉയർത്തി 1553 രൂപയിലെത്തിച്ചു. ഇൻഫോസീസ് ഓഹരി വില അഞ്ചര ശതമാനം ഉയർന്ന് 1614 രൂപയായി. റ്റി സി എസ്, ടെക് മഹീന്ദ്ര, വിപ്രോ ഓഹരികളും ശ്രദ്ധിക്കപ്പെട്ടു. ആർ ഐ എൽ, എയർടെൽ, സൺ ഫാർമ്മ, എൽ ആൻറ് റ്റി, ഐ സി ഐ സി ഐ ബാങ്ക്, ഇൻഡസ് ബാങ്ക്, ടാറ്റാ സ്റ്റീൽ തുടങ്ങിയവയിൽ വാങ്ങൽ താൽപര്യം ശക്തമായിരുന്നു. 
നിഫ്റ്റി ബുള്ളിഷ് ട്രൻറ് നിലനിർത്തി. 21,710 ൽ നിന്നും നേരത്തെ സൂചിപ്പിച്ച 21,862 ലെ കടന്പ തകർത്ത് രണ്ടാം പ്രതിരോധമായ 22,015  പോയിൻറ്റിനെ ലക്ഷ്യമാക്കി കുതിച്ചു. ഇതിനിടയിൽ വിദേശ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് കാണിച്ച അമിതാവേശത്തിൽ 21,928.25 ൽ സൂചികയുടെ കാലിടറി. നിഫ്റ്റിയുടെ റെക്കോർഡ് പ്രകടനം ഒരു പരിധി വരെ ഇടപാടുകാരെ ലാഭമെടുപ്പിന് നിർബന്ധിതരാക്കി.    വാരാന്ത്യം 21,894 ൽ നിലകൊള്ളുന്ന നിഫ്റ്റിയുടെ സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ മുൻവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 21,862 ന് മുകളിൽ ക്ലോസിങിൽ ഇടം പിടിച്ചത് ശുഭസൂചനയാണ്. വിപണിയുടെ മറ്റ് ചലനങ്ങൾ വിലയിരുത്തിയാൽ 22,055 നെ കൈപിടിയിൽ ഒതുക്കാനുള്ള നീക്കം വിജയിച്ചാൽ ഇരട്ടി വീര്യവുമായി നിഫ്റ്റി 22,216- 22,666 നെ ഉറ്റ് നോക്കാം. നിലവിൽ 21,605 ലെ സപ്പോർട്ട് പുതിയ വാങ്ങലുകാർക്ക് അവസരമാക്കാം, അതേ സമയം ഈ താങ്ങ് കൈമോശം വന്നാൽ നിഫ്റ്റി 21,316 വരെ തിരുത്തൽ കാഴ്ച്ചവെക്കാം.
   നിഫ്റ്റി ഫ്യൂച്വറിൽ ഓപ്പൺ ഇൻറ്റസ്റ്റ് മുൻവാരത്തിലെ 132.3 ലക്ഷം കരാറുകളിൽ നിന്ന് 138.5 ലക്ഷമായി ഉയർന്നു. സൂചിക മികവ് കാണിച്ചതിനിടയിൽ ഓപ്പൺ ഇൻറ്റസ്റ്റ് ഉയർന്നത് ബുൾ ഓപ്പറേറ്റർമാരുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും. വിപണിയുടെ അടിയോഴുക്ക് കണക്കിലെടുത്താൽ ഹ്രസ്വകാലയളവിൽ, ജനുവരി സീരീസ് സെറ്റിൽമെൻറ് വേളയിലോ ഫെബ്രുവരി സീരീസ് ആരംഭത്തിലോ 22,300- നെ കൈപിടിയിൽ ഒതുക്കാം. 
  ആഭ്യന്തര ഫണ്ടുകളുടെ ശക്തമായ പിൻതുണയിൽ സെൻസെക്‌സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലേയ്ക്ക് സഞ്ചരിച്ചു. സൂചിക 72,026 ൽ നിന്നുള്ള റാലിയിൽ 72,561 പോയിൻറ്റിലെ റെക്കോർഡ് തകർത്ത് 72,720.96 വരെ ഉയർന്ന് പുതിയ റെക്കോർഡ് സ്ഥാപിച്ചു. മാർക്കറ്റ് ക്ലോസിങിൽ സൂചിക അൽപ്പം തളർന്ന് 72,568 പോയിൻറ്റിലാണ്. ഈ വാരം 71,586 ലെ സപ്പോർട്ട് നിലനിർത്തി 73,134 - 73,701 നെ ലക്ഷ്യമാക്കാം. 
   വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 83.16 ൽ നിന്ന് 82.73 ലേയ്ക്ക് വെളളിയാഴ്ച്ച കരുത്ത് കാണിച്ച ശേഷം ക്ലോസിങിൽ രൂപ 82.92 ലാണ്. കഴിഞ്ഞ വാരം സൂചന നൽകിയതാണ് രൂപയുടെ മൂല്യം 82.73 ലേയ്ക്ക് ശക്തിപ്രപിക്കുമെന്ന്. ഹ്രസ്വകായളവിലേയ്ക്ക് വീക്ഷിച്ചാൽ വിനിമയ നിരക്ക് 82.50 റേഞ്ചിനെ ഉറ്റ് നോക്കാം. ഇതിനിടയിൽ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാൻ ശ്രമം നടത്തുന്നത് രൂപയിൽ സമ്മർദ്ദമുളവാക്കാം. എണ്ണ വില ബാരലിന് 80 ഡോളറിനടുത്താണ്. ആഭ്യന്തര ഫണ്ടുകൾ പിന്നിട്ടവാരം 6858 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ജനുവരി ആദ്യ വാരം അവർ വിൽപ്പനകാരായി നിലകൊണ്ട് 7707 കോടി രൂപയുടെ ഓഹരികൾ വിറ്റിരുന്നു. വിദേശ ധനകാര്യസ്ഥാപനങ്ങൾ കഴിഞ്ഞവാരം 3917 കോടി രൂപയുടെ വിൽപ്പന നടത്തി.  രാജ്യാന്തര സ്വർണ വില ട്രോയ് ഔൺസിന് 2043 ഡോളറിൽ നിന്നും 2061 ഡോളർ വരെ ഉയർന്ന ശേഷം വാരാന്ത്യം 2048 ഡോളറിലാണ്. ഈവാരം 2064 ലെ ആദ്യ പ്രതിരോധം തകർത്താൽ 2094 ഡോളറിലേയ്ക്കും തുടർന്ന് 2148 ലേയ്ക്കും മുന്നേറാം. 

Latest News