Sorry, you need to enable JavaScript to visit this website.

വൈദ്യുത വാഹനങ്ങൾക്കും സി.എൻ.ജി വാഹനങ്ങൾക്കും ഡിമാന്റ്‌

കൊച്ചി- കാർ വാങ്ങുന്നവർ വൈദ്യുത വാഹനങ്ങൾക്കു കൂടുതൽ പരിഗണന നൽകുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.  പ്രീ ഓൺഡ് കാറുകൾക്കുള്ള താൽപര്യവും വർധിക്കുന്നതു തുടരുകയാണ്.  മുൻനിര ഓട്ടോ ടെക് കമ്പനിയായ കാർസ് 24 പുറത്തിറക്കിയ മൈലേജ് റിപോർട്ടാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. തങ്ങളുടെ മേധാവിത്തം നിലനിർത്തിയ കാർസ് 24 വിൽപനയിൽ 42 ശതമാനം വളർച്ച കൈവരിച്ചതായും 2023-ലെ സുപ്രധാന പ്രവണതകൾ ഉൾപ്പെടുത്തിയുള്ള റിപോർട്ട് ചൂണ്ടിക്കാട്ടുന്നു.
താങ്ങാനാവുന്ന വിലയിൽ  പ്രീമിയം കാറുകൾ ലഭ്യമാകുന്നത്  ഉപയോഗിച്ച കാറുകളെ സ്മാർട്ട് ചോയിസാക്കുന്നു. കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം പുതു തലമുറയ്ക്ക് പുതിയ കാറുകൾ വാങ്ങുക മാത്രമല്ല നവീകരിക്കുകയും ചെയ്ത് പുതിയ തരംഗം സൃഷ്ടിക്കാനായി.  കാർസ് 24 ഡാറ്റ അനുസരിച്ച്, 2023-ൽ പുതിയ കാറുകളുടെയും യൂസ്ഡ് കാറുകളുടെയും അനുപാതം 1:1.5 ആയിരുന്നു - അതായത് പത്ത് പുതിയ കാറുകൾ വിറ്റതിന്, പതിനഞ്ച് ഉപയോഗിച്ച കാറുകൾ വിപണിയിലെത്തി. 
പുതു തലമുറ പ്രീമിയം യൂസ്ഡ് കാറുകളുടെ ഈ വരവ് നിരവധി ഇന്ത്യക്കാരുടെ കാർ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു.
എസ്യുവികളുടെ വിൽപ്പന കുതിച്ചുയർന്നതും പോയ വർഷത്തെ മറ്റൊരു പ്രത്യേകതയായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആളുകൾ കുടുംബമായുള്ള യാത്രകൾക്ക് കൂടുതൽ വിശാലമായുള്ള വാഹനങ്ങൾ തിരഞ്ഞെടുക്കാൻ തുടങ്ങിയതും സാഹസികർ അവരുടെ ഓഫ്-റോഡ് യാത്രയ്ക്കായി എസ്യുവികളെ തിരഞ്ഞെടുക്കാൻ തുടങ്ങിയതും അവയുടെ വില്പന വർധിപ്പിച്ചു.
ഇന്നത്തെ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി യോജിപ്പിക്കുന്ന മുൻനിര ഫീച്ചറുകൾക്കൊപ്പം, വ്യത്യസ്ത വില പോയിന്റുകളിൽ ലഭ്യമായ വിപുലീകരിച്ച ഓപ്ഷനുകളും ഈ വർദ്ധനവിന് കാരണമാകാം. എസ്യുവി കേന്ദ്രീകൃത പ്രവണത പുതിയ കാറുകൾക്കപ്പുറത്തേക്ക് വ്യാപിക്കുകയും 2021 സാമ്പത്തിക വർഷം മുതൽ 4-6% വളർച്ചയോടെ യൂസ്ഡ് കാർ വിപണിയിൽ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്നു. ബ്രെസ്സ, സോനെറ്റ്, ഇക്കോസ്‌പോർട്ട്, എക്‌സ്യുവി300, ടൈഗൺ, ടിയാഗോ എന്നിവ ഉൾപ്പെടുന്നതാണ് ഈ വർഷം ഇന്ത്യൻ നിരത്തുകൾ അടക്കിവാഴുന്ന മികച്ച എസ്യുവികൾ. നെക്‌സോൺ ആണ് കൊച്ചിയിലെ കൂടുതൽ ആളുകൾ തിരഞ്ഞെടുത്ത എസ്യുവി വാഹനം.
വൈദ്യുത വാഹനങ്ങൾ അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ അഞ്ചു മടങ്ങു വർധനവുണ്ടായതായും റിപ്പോർട്ട്  ചൂണ്ടിക്കാട്ടുന്നു. സിഎൻജി വിൽപന 2.6 മടങ്ങു വർധിച്ചിട്ടുമുണ്ട്.  മെട്രോ നഗരങ്ങളിൽ  ഡെൽഹിയിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്. മെട്രോ ഇതര മേഖലകളിൽ ലക്‌നൗ, ജയ്പൂർ, സൂറത്ത്, കൊച്ചി, പാറ്റ്ന എന്നിവിടങ്ങളാണ് മുന്നിൽ. 

Latest News