Sorry, you need to enable JavaScript to visit this website.

ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പട്ടച്ചരട്  കഴുത്തില്‍ കുരുങ്ങി ജവാന് ദാരുണാന്ത്യം

ഹൈദരാബാദ്- ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പട്ടച്ചരട് കഴുത്തില്‍ കുരുങ്ങി ജവാന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശി കെ കോടേശ്വര്‍ റെഡ്ഢി (30)യാണ് മരിച്ചത്. ഗോല്‍ക്കൊണ്ട സൈനിക ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ലാംഗര്‍ ഹൗസ് പ്രദേശത്ത് എത്തിയപ്പോഴായിരുന്നു സംഭവം. പട്ടച്ചരട് കഴുത്തില്‍ കുരുങ്ങിയതോടെ കോടേശ്വര്‍ റെഡ്ഢിയുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തൊണ്ടയിലുണ്ടായ മുറിവും തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നുമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് സ്ഥലമാറ്റം കിട്ടി കഴിഞ്ഞ മാസമാണ് കോടേശ്വര്‍ റെഡ്ഢി ഗോല്‍ക്കൊണ്ട സൈനിക ആശുപത്രിയില്‍ ജോലിക്ക് പ്രവേശിച്ചത്. ഭാര്യ പ്രത്യുഷ. രണ്ട് വയസുള്ള മകളുമുണ്ട്. ഗോല്‍ക്കൊണ്ട സൈനിക കേന്ദ്രത്തില്‍ വച്ച മൃതദേഹത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
സംഭവത്തില്‍ കേസെടുത്തതായി ലാംഗര്‍ ഹൗസ് പോലീസ് അറിയിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. സ്ഥലത്ത് പട്ടച്ചരട് വില്‍ക്കുന്നവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ചൈനീസ് മാഞ്ച എന്ന പേരില്‍ അറിയപ്പെടുന്ന പട്ടച്ചരട് രാജ്യത്തെ നിരോധിച്ചതാണ്. സിന്തറ്റിക് നൂലുകളാണ് ചൈനീസ് മാഞ്ച. മനുഷ്യ, പക്ഷി ജീവനുകള്‍ക്ക് ഭീഷണിയായതിനാലാണ് ഇത് 2017ല്‍ രാജ്യത്ത് നിരോധിച്ചത്.

Latest News