ചെങ്കടലിലെ ഹൂതി ആക്രമണം; ഇറാന് സന്ദേശം നല്‍കിയെന്ന് യു. എസ്

വാഷിംഗ്ടണ്‍- വാണിജ്യക്കപ്പലുകള്‍ക്കെതിരെ ചെങ്കടലില്‍ നടത്തുന്ന യമനിലെ ഹൂത്തികള്‍ക്കെതിരെ തിരിച്ചടിച്ചതിന് പിന്നാലെ ഇറാന് സന്ദേശം അയച്ച് യു. എസ്. വിവരം ഇറാന് രഹസ്യമായി  കൈമാറിയെന്നും അമേരിക്ക എന്തിനും നല്ല രീതിയില്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് ഉറപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

റഡാറിനെ ലക്ഷ്യമാക്കിയുള്ള 'ഫോളോ-ഓണ്‍ ആക്ഷന്‍' ആണ് തങ്ങളുടെ ഏറ്റവും പുതിയ ആക്രമണമെന്നും യു. എസ് വെളിപ്പെടുത്തി. എന്നാല്‍ ചെങ്കടലില്‍ ഹൂത്തികള്‍ നടത്തുന്ന ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. 

ഹൂത്തികള്‍ക്ക് ഇറാനില്‍ നിന്നാണ് ആയുധങ്ങള്‍ ലഭിക്കുന്നതെന്ന സംശയത്തിന്റെ ബലത്തിലാണ് യു. എസ് സന്ദേശം കൈമാറിയത്. കപ്പലുകള്‍ ലക്ഷ്യമിടാന്‍ അവരെ പ്രാപ്തരാക്കുന്നതില്‍ ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പങ്ക് നിര്‍ണായകമാണെന്നും യു. എസ് പറയുന്നു.

ഓസ്‌ട്രേലിയയും കാനഡയും ഉള്‍പ്പെടെയുള്ള പാശ്ചാത്യ സഖ്യകക്ഷികളുടെ പിന്തുണയോടെ വെള്ളിയാഴ്ച പുലര്‍ച്ചെ 30ഓളം ഹൂതി സ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് യു. കെ- യു. എസ് സംയുക്ത സൈന്യങ്ങള്‍ വ്യോമാക്രമണം നടത്തിയിരുന്നു. പിന്നാലെ ശനിയാഴ്ച വീണ്ടും യമനിലെ ഹൂത്തി റഡാര്‍ സൈറ്റില്‍ ടോമാഹോക്ക് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് തങ്ങളുടെ ഏറ്റവും പുതിയ ആക്രമണം നടത്തിയതായി യു. എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

തങ്ങള്‍ക്കതിരെ യു. എസും യു. കെയും സംയുക്തമായി നടത്തിയ ആക്രമണങ്ങള്‍ കാര്യമായി  ബാധിച്ചിട്ടില്ലെന്നാണ് ഹൂത്തി വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.

Latest News