മാലി മേയര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രസിഡന്റിന്റെ പാര്‍ട്ടിക്ക് പരാജയം

മാലി- മേയര്‍ ഉപതെരഞ്ഞെടുപ്പില്‍ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എം. ഡി. പി) സ്ഥാനാര്‍ഥി ആദം അസിമിന് വിജയം. രണ്ടുമാസം മുമ്പ് വരെ മേയര്‍ സ്ഥാനത്തുണ്ടായിരുന്ന മുഹമ്മദ് മുയിസു പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. മുയിസുവിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ വിജയം പ്രസിഡന്റിന് തിരിച്ചടിയായി. 

പ്രസിഡന്റ് മുയിസുവിനോടും അദ്ദേഹത്തിന്റെ നയങ്ങളോടും തലസ്ഥാന നഗരം പ്രകടിപ്പിച്ച തിരസ്‌കാരമാണ് ആദം അസിമിന്റെ വിജയമെന്ന് പ്രതിപക്ഷം പറഞ്ഞു. 

മേയര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആദം അസിമിനും എം. ഡി. പി സെക്രട്ടേറിയറ്റിനും സാമൂഹിക മാധ്യമമായ എക്‌സിലെ ഒരു പോസ്റ്റില്‍  അഭിനന്ദനങ്ങള്‍ അറിയിച്ച എം. ഡി. പി നേതാവ് അബ്ദുല്ല ഷാഹിദ് തലസ്ഥാന നഗരം പ്രസിഡന്റ് മുയിസുവിനോടും അദ്ദേഹത്തിന്റെ നയങ്ങളോടും  വെറും 58 ദിവസത്തിനുള്ളില്‍ ഒരു പ്രത്യേക നോ പറഞ്ഞുവെന്ന് വ്യക്തമാക്കി.

55 പോളിങ് സ്റ്റേഷനുകളിലായി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 54,680 വോട്ടര്‍മാരില്‍ 17,000 പേര്‍ മാത്രമാണ് ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഭരണകക്ഷിയായ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പി. എന്‍. സി) മേയര്‍ സ്ഥാനാര്‍ഥി ഐഷ അസിമ ഷക്കൂര്‍ 1,300 വോട്ടുകള്‍ക്കാണ് അസിമിനോട് പരാജയപ്പെട്ടത്.

Latest News