Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO - നൂറുനാള്‍, നൂറായിരം നിലവിളികള്‍... വംശഹത്യ തുടരുന്ന ഗാസ

യിരം രക്തപുഷ്പങ്ങള്‍ വിരിഞ്ഞുനില്‍ക്കുന്ന ഗാസയിലെ കുരുതിക്കളങ്ങളില്‍ വംശഹത്യയുടെ പുതിയ അധ്യായങ്ങള്‍ രചിക്കുകയാണ് ഇസ്രായില്‍ ഭീകരത. യുദ്ധത്തിന്റെ നൂറാം നാളിലും നരഹത്യ ആവര്‍ത്തിക്കുമെന്ന് പറയുന്നു അവര്‍. കാല്‍ലക്ഷത്തോളം നിരപരാധികളുടെ ജീവനെടുത്ത, പതിനായിരത്തിലധികം കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ഇസ്രായില്‍ നൃശംസതകള്‍ക്കിടയില്‍ തരിച്ചുനില്‍ക്കുകയാണ് ലോകം.

ഗാസയും അതിലെ താമസക്കാരും മുച്ചൂടും ഇല്ലാതാകണമെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു ഇസ്രായില്‍ പ്രധാനമന്ത്രിയായിരുന്ന യിസ്ഹാഖ് റാബിന്‍. ഇതിനായി ഗാസയെ മറ്റൊരു ഹിരോഷിമയാക്കി മാറ്റാന്‍ അദ്ദേഹം ആഗ്രഹിച്ചു. റാബിന്‍ മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായിരുന്നു ഇസ്രായില്‍ രാഷ്ട്രീയത്തില്‍ എന്നും വിവാദ നായകനായിരുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എങ്കിലും റാബിന്റെ അഭിലാഷം സാക്ഷാത്കരിച്ചു നല്‍കാനുള്ള ദൃഢനിശ്ചയമാണ് നെതന്യാഹുവിന്റെ പ്രവൃത്തികളില്‍ കാണുന്നതെന്ന് നിരീക്ഷിക്കുന്നത് പ്രമുഖ ഫലസ്തീനി മാധ്യമ പ്രവര്‍ത്തകന്‍ ബാകിര്‍ ഉവൈദിയാണ്. ഗാസയെ ഇസ്രായിലിന്റെ ഹിരോഷിമയാക്കി നെതന്യാഹു മാറ്റുമെന്ന് അദ്ദേഹം ഭയക്കുന്നു.

കടുത്ത മാനുഷിക ദുരന്തത്തിന് നടുവില്‍ ഒരു ജനത നിസ്സഹായരായി നില്‍ക്കുമ്പോള്‍ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് വാദിച്ചു സമയം കളയുന്നതില്‍ അര്‍ഥമില്ല. ഗാസ എന്ന ഭൂപ്രദേശത്തെ മാത്രമല്ല, അവിടത്തെ നിവാസികളെയും ഉന്മൂലനം ചെയ്യണമെന്നാണ് നെതന്യാഹുവും ഇസ്രായിലിന്റെ രാഷ്ട്രീയ നേതൃത്വവും ആഗ്രഹിക്കുന്നത്. ഗാസയിലെ ജനങ്ങള്‍ക്കെതിരെ നടത്തുന്ന നിഷ്ഠുരമായ ആക്രമണങ്ങളില്‍ രോഷവും സങ്കടവുമുള്ളവര്‍ ഇസ്രായിലില്‍ തന്നെയുണ്ടെങ്കിലും തീവ്രദേശീയതയുടെ ഗ്വാഗ്വാ വിളികള്‍ക്കിടയില്‍ അവരുടെ ശബ്ദം മുങ്ങിപ്പോകുന്നു.

ഗാസ മുനമ്പിനെ നശിപ്പിക്കാന്‍ കഴിയുന്ന സൈനിക ശക്തിയും വിനാശകരമായ കഴിവുകളും ഇസ്രായിലിനുണ്ട്. ഗാസയെ ഹിരോഷിമക്ക് തുല്യമായ ജനശൂന്യ പ്രദേശമായി മാറ്റാന്‍ അവരുടെ പ്രഹരശേഷിക്ക് കഴിയുമായിരിക്കും. സാധ്യത വളരെ കുറവായ ഈ സാങ്കല്‍പിക സാഹചര്യം വന്നു ചേരുന്നു എന്ന് കരുതുക. നെതന്യാഹു പ്രഖ്യാപിച്ച പോലെ ഗാസ വിജന മരുഭൂമിയായി മാറിക്കഴിഞ്ഞാല്‍ അത് ഇസ്രായിലി സുരക്ഷ എന്ന ആശയം സാക്ഷാത്കരിക്കുമോ... ഇല്ല എന്നു തന്നെയാണുത്തരം.

ഗാസയിലെ ജനങ്ങള്‍ സമാനതകളില്ലാത്ത ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. ബഹുനില മന്ദിരങ്ങളുടെ അസ്തിവാരത്തിലേക്ക് തുരന്നുകയറുന്ന ഇസ്രായിലി മിസൈലുകള്‍ കെട്ടിടങ്ങളെ ഒന്നാകെ എടുത്തുമറിക്കുകയാണ്. കൊല്ലപ്പെടുന്നവരില്‍ സ്ത്രീകളും കുഞ്ഞുങ്ങളും ഒട്ടേറെയുണ്ട്. ഗാസയിലെ ഒരിഞ്ച് പ്രദേശം പോലും സുരക്ഷിതമല്ല. യാതൊരു യുദ്ധനീതിയും അവിടെ പാലിക്കപ്പെടുന്നില്ല. മാരകമായ പരിക്കുകളോടെ രക്ഷപ്പെടുന്നവര്‍ക്കാകട്ടെ, ചികിത്സ കിട്ടുന്നില്ല. മരുന്നോ മെഡിക്കല്‍ ഉപകരണങ്ങളോ ഇല്ല. രക്തം തുടയ്ക്കാന്‍ കോട്ടണ്‍ പോലുമില്ലെന്ന് ഒരു ഡോക്ടര്‍ വിലപിക്കുന്നു. വെളിച്ചമില്ല. ഭക്ഷണമോ വെള്ളമോ ഇല്ല. ഗാസയിലേക്ക് കടക്കാനുള്ള എല്ലാ വഴികളും അടഞ്ഞു. ഈജിപ്തുമായുള്ള റഫാ ക്രോസിംഗ് പോലും അടഞ്ഞുകിടക്കുകയാണ്. ഒരു ഗുഹക്കുള്ളില്‍ എലികളെപ്പോലെ അകപ്പെട്ടിരിക്കുകയാണ് ഗാസക്കാര്‍.

രക്തച്ചൊരിച്ചിലിന്റെ ഈ പാത ആത്യന്തികമായി എവിടേക്ക് നയിക്കും? അത് കൂടുതല്‍ നാശത്തില്‍ കലാശിക്കുമെന്നതില്‍ സംശയമില്ല. ആ നാശത്തിന്റെ വ്യാപ്തി വളരെ വലുതായിരിക്കുകയും ചെയ്യും. എല്ലാം കൈവിട്ടുപോകും മുമ്പേ പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് സമാധാനമാഗ്രഹിക്കുന്ന എല്ലാവരുടെയും ചുമതല. അത് രാഷ്ട്രങ്ങളായാലും സമൂഹങ്ങളായാലും.

 

Latest News