Sorry, you need to enable JavaScript to visit this website.

വയനാട് മൂടക്കൊല്ലിയില്‍ ജനങ്ങളുടെ സ്വൈരം കെടുത്തി വീണ്ടും കടുവ സാന്നിധ്യം

കല്‍പറ്റ-സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍പ്പെട്ട വാകേരി മൂടക്കൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങി. ഞായറാഴ്ച  പുലര്‍ച്ച മുടക്കൊല്ലിയില്‍ എത്തിയ  കടുവ  പ്രദേശത്തെ കര്‍ഷകന്‍ കരികുളത്ത് ശ്രീനേഷിന്റെ ഫാമിലെ അഞ്ച് പന്നികളെ കൊന്നുതിന്നു. ഇതേ ഫാമിലെ  20  പന്നികളെ ജനുവരി ആറിനു പുലര്‍ച്ചെ കടുവ കൊന്നിരുന്നു. ഇതേത്തുടര്‍ന്നു കടുവയെ പിടിക്കുന്നതിനു വനസേന കൂട് സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനിടെയാണ് വീണ്ടും പന്നികളെ കൊന്നത്.

നേരത്തേ കടുവ പിടിച്ചതുകഴിച്ച് 19 പന്നികളാണ് ഫാമില്‍ ഉണ്ടായിരുന്നത്. രാവിലെ ശ്രീനേഷ് ഫാം വൃത്തിയാക്കാനെത്തിയപ്പോള്‍ അഞ്ച് പന്നികളുടെ കുറവും കടുവയുടെ കാല്‍പാടുകളും ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് പരിശോധനയിലാണ് ഫാമിനു കുറച്ചകലെ പന്നികളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പന്നികളുടെ തലയോട്ടി ഒഴികെ ഭാഗം കടുവ ഭക്ഷിച്ചിരുന്നു. വിവരം അറിയിച്ചതനുസരിച്ച് മൂടക്കൊല്ലിയില്‍ എത്തിയ വനപാലകര്‍ പന്നികളെ കൊന്നത് കടുവയാണെന്നു സ്ഥിരീകരിച്ചു.
മൂടക്കൊല്ലിയില്‍ ജനുവരി ആറിനും ഞായറാഴ്ച  പുലര്‍ച്ചെയും ഇറങ്ങിയത് ഡബ്ല്യു.ഡബ്ല്യു.എല്‍ 39 എന്ന പെണ്‍ കടുവയാണെന്നു വനം ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്തു സ്ഥാപിച്ച ക്യാമറ ട്രാപ്പുകളില്‍ ചിത്രം പതിഞ്ഞതാണ് കടുവയെ തിരിച്ചറിയാന്‍ ഉതകിയത്.
കുടവയെ പിടിക്കുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായതിനുസരിച്ച് ജനുവരി ആറിനു രാത്രിയാണ് കൂട് സ്ഥാപിച്ചത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ക്യാമറ ട്രാപ്പുകള്‍ വച്ചതും കൂട് സ്ഥാപിച്ചതും.
അതിനിടെ, കൂടിന്റെ പ്രവര്‍ത്തനക്ഷമതയില്‍ പ്രദേശവാസികള്‍ സംശയം പ്രകടിപ്പിച്ചു. ആടിനെയാണ് കൂട്ടില്‍ ഇരയായി നിര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആടിനു ഭക്ഷണവും വെള്ളവും കൊടുക്കുന്നതിന് ഒരാള്‍ കയറിയെങ്കിലും കൂട് അടഞ്ഞില്ല. ഇതാണ് സംശയത്തിന് ആധാരം.  
വാകേരി മൂടക്കൊല്ലി കൂടല്ലൂരില്‍ യുവകര്‍ഷകന്‍  മരോട്ടിപ്പറമ്പില്‍ പ്രജീഷിനെ ഡിസംബര്‍ ഒമ്പതിനാണ് കടുവ കൊന്നത്. സ്വകാര്യ തോട്ടത്തില്‍ പുല്ലരിയുന്നതിനിടെയാണ് പ്രജീഷിനെ കടുവ പിടിച്ചത്. കടുവ ഭാഗികമായി ഭക്ഷിച്ച നിലയിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. വനസേനയുടെ കഠിന പരിശ്രമത്തിനൊടുവില്‍ ഡിസംബര്‍ 18നാണ് കടുവ കൂട്ടിലായത്. ഇതിനെ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലേക്കാണ് മാറ്റിയത്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കൂടല്ലൂരിനു അഞ്ച് കിലോമീറ്റര്‍ അകലെ കല്ലൂര്‍ക്കുന്നില്‍ കടുവ എത്തി.  റോഡ് മുറിച്ചുകടക്കുന്ന കടുവയെ സെന്റ് ആന്റണീസ് പള്ളിക്കു സമീപം കാപ്പിത്തോട്ടം തൊഴിലാളികളാണ് കണ്ടത്.
ഡിസംബര്‍ അവസാനവാരം വാകേരി സി.സിയില്‍ ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുവിനെ കടുവ കൊന്നിരുന്നു. ഇതിനു പിന്നാലെ മൂടക്കൊല്ലിക്കു സമീപം അരിവയലില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ആടിനെ കൊല്ലുകയുണ്ടായി. കടുവ സാന്നിധ്യം അടിക്കടി ഉണ്ടാകുന്ന മൂടക്കൊല്ലിയിലും സമീപ പ്രദേശങ്ങളും പൂതാടി പഞ്ചായത്തിലാണ്. ജനം ഭീതിയിലാണ് രാപകലുകള്‍ കഴിച്ചുകൂട്ടുന്നത്. ഞായറാഴ്ച കടുവ ഇറങ്ങിയ സ്ഥലത്തോടു ചേര്‍ന്നാണ് വനം.

 

Latest News