വാജ്‌പേയി അനുശോചന ചടങ്ങില്‍ ഛത്തീസ്ഗഢ് മന്ത്രിമാരുടെ ചിരിയും തമാശയും; വീഡിയോ വൈറലായി

റായ്പൂര്‍- മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മം നിമജ്ഞനം ചെയ്യുന്ന ചടങ്ങിനിടെ ഛത്തീസ്ഗഢിലെ രണ്ടു ബിജെപി മന്ത്രിമാരുടെ ചിരിയും തമാശയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ബുധനാഴ്ച നടന്ന പരിപാടിയുടെ വീഡിയോയിലാണ് കൃഷിവകുപ്പ് മന്ത്രി ബ്രിജ്‌മോഹന്‍ അഗര്‍വാളും ആരോഗ്യ മന്ത്രി അജയ് ചന്ദ്രശേഖറും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ദൃശ്യമുള്ളത്. ഇത് പാര്‍ട്ടിക്ക് നാണക്കേടായി. വാജ്‌പേയിയുടെ ചിതാഭസ്മം രാജ്യത്തെ പ്രധാന നദികളില്‍ നിമജ്ഞനം ചെയ്യുന്നതിന്റെ ഭാഗമായാണ് റായ്പൂരിലെത്തിച്ചത്.

വേദിയുടെ മുന്‍നിരയില്‍ തന്നെ ഇരുന്നായിരന്നു മന്ത്രിമാരുടെ അനൗചിത്യ പെരുമാറ്റം. ചിതാഭസ്മം നിമജ്ഞനം ചെയ്ത ശേഷം പ്രാര്‍ഥനാ മന്ത്രങ്ങള്‍ ചൊല്ലുന്നതിനിടെയായിരുന്നു ഇത്. മന്ത്രി ബ്രിജ്‌മോഹന്‍ അഗര്‍വാളാണ് എന്തോ തമാശ പൊട്ടിച്ചത്. ഇതുകേട്ട് ചിരിടക്കാനാവാതെ മന്ത്രി അജയ് ചന്ദ്രശേഖര്‍ തൊട്ടുമുമ്പിലിരിക്കുന്ന മേശയില്‍ അടിക്കുന്നതും കാണാം. ഇവരുടെ പെരുമാറ്റം കണ്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ ധര്‍മലാല്‍ കൗശിക് ഇടപെട്ട് മന്ത്രി ചന്ദ്രശേഖറിന്റെ കൈപിടിച്ചു വയ്ക്കുന്നതും കാണാം. മുഖ്യമന്ത്രി രമണ്‍ സിങും വേദിയില്‍ ഈ സമയം ഉണ്ടായിരുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ മുറുമുപ്പുണ്ടായി. 


 

Latest News