ഇംഫാൽ - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂരിൽ പ്രൗഢമായ തുടക്കം. കൊങ്‌ജോമിലെ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ച ശേഷമാണ് രാഹുൽ ഗാന്ധി ഉദ്ഘാടന ചടങ്ങിനെത്തിയത്.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിക്ക് പതാക കൈമാറിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. ബി.ജെ.പി രാഷ്ട്രീയത്തെ മതവുമായി കൂട്ടിക്കുഴച്ച് ജനങ്ങളെ ഇളക്കിവിടുകയാണെന്നും കോൺഗ്രസ് നിലകൊള്ളുന്നത് മതനിരപേക്ഷതയ്ക്കും സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂർ ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടം നടന്ന മണ്ണാണ്. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ആയിരങ്ങളെ കണ്ടു. ഇത്രയും വലിയ യാത്ര ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. സമൂഹത്തിലെ നാനാ തുറയിൽപ്പെട്ടവരുമായി അദ്ദേഹം സംവദിച്ചു. രാഹുൽ ഗാന്ധി ഭരണഘടനയെ സംരക്ഷിക്കാനാണ് പോരാടുന്നത്. ആ പോരാട്ടം നീണ്ടതാണ്. നീതിക്കുവേണ്ടിയാണീ പോരാട്ടമെന്നും നരേന്ദ്ര മോഡിയുടെത് ഏകാധിപത്യ മനോഭാവമാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. പറഞ്ഞു. ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറ് വരെ 66 ദിവസം നീളുന്ന യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെയാണ് കടന്നുപോകുക.