എം ടി വാസുദേവന്‍ നായര്‍ക്ക് പിന്നാലെ സാഹിത്യോത്സവ വേദിയില്‍ രാഷ്ട്രീയ വിമര്‍ശനവുമായി എം മുകുന്ദനും

കോഴിക്കോട് - എം ടി വാസുദേവന്‍ നായര്‍ക്ക് പിന്നാലെ കോഴിക്കോട്ട് നടക്കുന്ന സാഹിത്യോത്സവ വേദിയില്‍ രാഷ്ട്രീയ വിമര്‍ശനവുമായി എഴുത്തുകാരന്‍ എം മുകുന്ദനും. കിരീടങ്ങള്‍ വാഴുന്ന കാലമാണ് ഇപ്പോഴുള്ളതെന്നും സിഹാസനത്തില്‍ ഇരിക്കുന്നവരോട് സിംഹാസനം ഒഴിയൂ എന്നാണ് പറയാനുള്ളതെന്നും എം മുകുന്ദന്‍ പറഞ്ഞു. കിരീടത്തെക്കാള്‍ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും എം മുകുന്ദന്‍ പറഞ്ഞു. എം മുകുന്ദന്റെ  'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' എന്ന പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു പരാമര്‍ശം. പുസ്തകത്തിലെ ഒരു വരിയെ ഉദ്ധരിച്ചുകൊണ്ട് സി പി എം യുവനേതാവ് എം സ്വരാജ് ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം മുകുന്ദന്‍. അധികാരകേന്ദ്രങ്ങള്‍ പ്രാധാന്യം നല്‍കുന്നത് കിരീടത്തിനാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് വോട്ട് ചെയ്യേണ്ടത് ചോരയുടെ പ്രാധാന്യം നോക്കിയാണ്, കിരീടത്തിന്റേതല്ല. ജനാധിപത്യ രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നവതെന്നും സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അതില്‍ നിന്നിറങ്ങണമെന്നും എം മുകുന്ദന്‍ പറഞ്ഞു.

 

Latest News