പിണറായി വിജയന്റെ മകളായതിനാലാണ് വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്രം അന്വേഷണം നടത്തുന്നതെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം - മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജികിനെതിരെയുള്ള കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കല്‍ ഉദ്ദേശിച്ചുള്ളതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. പിണറായി വിജയന്റെ മകളെന്ന നിലയിലാണ് അന്വേഷണം. ഏതായാലും അന്വേഷണം നടക്കട്ടെ. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അവസരവാദ നിലപാട് എടുക്കുകയാണ്.  ഇ ഡി അന്വേഷണത്തില്‍ പോലും കോണ്‍ഗ്രസിന് ഇരട്ട നിലപാടാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട നീക്കമാണിതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എം ടി വാസുദേവന്‍ നായര്‍ ഉന്നയിച്ച വിമര്‍ശനങ്ങളോടും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. സാഹിത്യകാരന്‍മാരായാലും കലാകാരന്‍മാരായാലും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ കാത് കൂര്‍പ്പിച്ച് തന്നെ കേള്‍ക്കും. അതിനനുസരിച്ച് മാറ്റം ആവശ്യമെങ്കില്‍ വരുത്തും. ക്രിയാത്മക നിലപാടിനൊപ്പമാണ് സി പി എം എന്നും. വ്യക്തിപൂജ അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സി പി എം. അയോധ്യ വിഷയത്തില്‍ ഉറച്ച നിലപാടെടുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് പോലും ആദ്യം കഴിഞ്ഞില്ല. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും ബി ജെ പി നിലപാടിനൊപ്പമാണ്. ഇടത്പാര്‍ട്ടികള്‍ വിശ്വാസികളുടെ വിശ്വാസത്തിന് ഒപ്പം നില്‍ക്കും, എന്നാല്‍ പണി പൂര്‍ത്തിയാകാത്ത രാമക്ഷേത്രം രാഷ്ട്രീയ ലക്ഷ്യം വെച്ച്  ഉദ്ഘാടനം ചെയ്യുന്ന വര്‍ഗ്ഗീയതക്ക് ഒപ്പം ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 

Latest News