Sorry, you need to enable JavaScript to visit this website.

ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ്, വിമാനങ്ങളും ട്രെയിനുകളും വൈകുന്നു

ന്യൂദൽഹി- ദൽഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും കനത്ത മൂടൽമഞ്ഞിൽ പൊതിഞ്ഞ് കിടക്കുന്നു. ദേശീയ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന 22 ട്രെയിനുകൾ വൈകിയോടുന്നു. ആർകെ പുരത്ത് ഇന്ന് രാവിലെ കുറഞ്ഞ താപനില ഏഴ് ഡിഗ്രി രേഖപ്പെടുത്തി. വിമാനത്താവള പരിസരത്ത് ദൃശ്യപരത പൂജ്യമാകുകയും ചെയ്തു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം രാത്രി തന്നെ ദൽഹി എയർപോർട്ട് ഫോഗ് അലർട്ട് നൽകിയിരുന്നു, അപ്ഡേറ്റ് ചെയ്ത ഫളൈറ്റ് വിവരങ്ങൾക്കായി വിമാനക്കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാരോട് വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടു. 

മോശം കാലാവസ്ഥ കാരണം വിമാനസമയത്ത് മാറ്റം വരാമെന്ന് ഇൻഡിഗോ വ്യക്തമാക്കി. മറ്റു നിരവധി വിമാനങ്ങളും ഉത്തരേന്ത്യയിൽ അലർട്ട് നൽകി. ദൽഹി, അമൃത്സർ, ജമ്മു, വാരണാസി, ഗോരഖ്പൂർ, ഗുവാഹത്തി, പട്ന, ബാഗ്ഡോഗ്ര, ദർബംഗ എന്നിവിടങ്ങളിലെ വിമാനതാവളങ്ങളിലും ദൃശ്യപരത കുറവായതിനാൽ വിമാനങ്ങൾ വൈകിയേക്കുമെന്ന് സ്‌പൈസ് ജെറ്റ് മുന്നറിയിപ്പ് നൽകി. 
ഇന്ന് പൊങ്കൽ ആഘോഷങ്ങൾ ആരംഭിക്കുന്ന ചെന്നൈയിൽ അഞ്ച് അന്താരാഷ്ട്ര വിമാനങ്ങൾ ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയും 18 വിമാനങ്ങൾ വൈകുകയും ചെയ്തു. ചെന്നൈ വിമാനത്താവളത്തിന്റെ ലാൻഡിംഗ് ഒരു മണിക്കൂറെങ്കിലും നിർത്തിവച്ചു.

പഞ്ചാബ്, ഹരിയാന, ദൽഹി, ബിഹാർ, ഉത്തർപ്രദേശ്, ജമ്മു ഡിവിഷൻ, ചണ്ഡീഗഡ്, അസം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ത്രിപുര, തീരദേശ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവയുടെ ചില ഭാഗങ്ങളിൽ മിതമായ മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 

Latest News