അറബ് ലോകം ആടുജീവിതത്തെ ഒരിക്കലും എതിരായി കണ്ടിട്ടില്ലെന്ന് ബെന്യാമിന്‍

കോഴിക്കോട്  - അറബ് ലോകം ആട് ജീവിതമെന്ന നോവലിനെ ഒരിക്കലും എതിരായി കണ്ടിട്ടില്ലെന്നും മറിച്ച് ചില മലയാളികള്‍ ആണ് തങ്ങളുടെ താല്‍പര്യപ്രകാരം തന്റെ നോവലിനെതിരെ വിരുദ്ധ പ്രചാരണമഴിച്ചു വിട്ടതെന്ന് ജെ.സി.ബി സാഹിത്യ പുരസ്‌ക്കാര ജേതാവ് കൂടിയായ നോവലിസ്റ്റ് ബെന്യാമിന്‍.
പുറത്തിറങ്ങാനിരിക്കുന്ന ആട് ജീവിതം എന്ന സിനിമയെ മുന്‍നിറുത്തി, കെ.എല്‍.എഫില്‍ ജെ.സി.ബി ലിറ്ററേച്ചര്‍ പ്രൈസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി അറേബ്യയിലെ ഒരു പുസ്തകോത്സവത്തില്‍ വെച്ചാണ് എന്റെ നോവല്‍ പ്രകാശനം ചെയ്തത്. അറബ് പതിപ്പല്ല, മലയാളം പതിപ്പാണ് ഗള്‍ഫില്‍ നിരോധിച്ചത്. നോവലില്‍ കണ്ടതു പോലുള്ള പ്രവണതയുണ്ടെങ്കില്‍ അത് തിരുത്തണമെന്നാണ് അറബികള്‍ ആടുജീവിതത്തെക്കുറിച്ച് എഴുതിയത്.
ഒരു വിവര്‍ത്തകന്റെ സ്വാതന്ത്ര്യത്തില്‍ പോലും ഇടപെടാത്ത ഞാന്‍ മറ്റൊരു മാധ്യമമായ സിനിമയില്‍ ഒരിക്കലും ഇടപെടില്ല. അത് മനസ്സിലാക്കുന്ന ആളാണ് താനെന്നും അത് പൂര്‍ണമായും സംവിധായകന്റേതാണെന്നും ബെന്യാമിന്‍ പറഞ്ഞു.
ആടു ജീവിതം എന്ന നോവലിനെ നിലനിര്‍ത്തിക്കൊണ്ട് ഒരു സിനിമ എന്നതാണ് ആടുജീവിതമെന്ന സിനിമയിലൂടെ താന്‍ ഉദ്ദേശിക്കുന്നതെന്നും തന്റെ സിനിമാ ജീവിതത്തിലെ വെല്ലുവിളികളിലൊന്നായിരുന്നു ആടു ജീവിതമെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞു. ലിജീഷ് കുമാര്‍ ചടങ്ങ് നിയന്ത്രിച്ചു.

 

Latest News